മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്

മനാമ : ഒരു കിലോഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ച പാക്കിസ്ഥാണ് സ്വദേശിക്ക് 25 വർഷത്തെ ജീവപര്യന്തം തടവ്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയെത്തുടർന്നായിരുന്നു അറസ്റ്റ്.
ലഗേജ് എക്സ്-റേ പരിശോധന നടത്തുകയും ഒളിപ്പിച്ചുവെച്ച ഒരു കിലോഗ്രാം ഹെറോയിൻ കണ്ടെത്തുകയും ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പാക്കിസ്ഥാനിലെ ഒരാളിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും ബഹ്റൈനിൽ ആർക്കോ കൈമാറാനാണ് തന്നെ ഏൽപ്പിച്ചതെന്നും 22കാരനായ പ്രതി പറഞ്ഞു. അഞ്ച് ലക്ഷം പാക്കിസ്ഥാനി രൂപ (1500 ബഹ്റൈൻ ദിനാർ) വിലവരുന്നതാണ് ഹെറോയിൻ.
മയക്കുമരുന്ന് കൈപ്പറ്റാൻ പ്രതിയുടെ ഫോണിൽ ബന്ധപ്പെട്ട 33 വയസ്സുള്ള മറ്റൊരു പാകിസ്താനിയെയും അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പേരെയും വിചാരണ ചെയ്യുകയും ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഹൈ ക്രിമിനൽ അപ്പീൽസ് കോടതി ശിക്ഷ ശരിവെച്ചു. ശിക്ഷ പൂർത്തിയാക്കിയശേഷം ഇരുവരെയും നാടുകടത്തും ഇവർക്ക് 5,000 ബഹ്റൈൻ ദിനാർ വീതം പിഴയും ചുമത്തിയിട്ടുണ്ട്.