ഉപയോഗിച്ച തുണിത്തരങ്ങളുടെ അനധികൃത വ്യാപാരം പെരുകുന്നു

മനാമ : രാജ്യത്ത് പല ചാരിറ്റബിൾ സൊസൈറ്റികളും ഉപയോഗിച്ച തുണിത്തരങ്ങളുടെ അനധികൃത വ്യാപാരം നടത്തുന്നു. രാജ്യത്തിലെ ജനങ്ങളുടെ ഉദാരമനസ്കതയെയാണ് ഇവർ ചൂഷണം ചെയ്യുന്നത്.
ആഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ അഭയാർത്ഥികൾക്ക് വിതരണം ചെയ്യാൻ എന്ന നിലയ്ക്കാണ് പലയിടത്തും സ്ഥാപിച്ച ബോക്സുകൾ വഴി ഉപയോഗിച്ച തുണിത്തരങ്ങൾ ശേഖരിക്കുന്നത്. എന്നാൽ ഈ ബോക്സുകളിൽ വസ്ത്രങ്ങൾ നിറഞ്ഞുകഴിഞ്ഞാൽ, അവ പ്രാദേശിക വിപണികളിൽ വിൽക്കുകയും വ്യാപാരികൾക്ക് കൈമാറുകയും ചെയ്യുന്നു. ആളുകൾ സംഭാവന ചെയ്ത വസ്ത്രങ്ങൾ ഇവിടെ വ്യാപാരികൾ വാങ്ങുകയും ഇത് വരുമാനം കുറഞ്ഞ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിൽ വസ്ത്രങ്ങൾ നിറഞ്ഞ ഒരു വലിയ ബോക്സിൽനിന്നും ചിലർ 30 ബഹ്റൈൻ ദിനാർ വരെ ലാഭമുണ്ടാക്കുന്നതായി സാമൂഹ്യപ്രവർത്തകനായ അഹമ്മദ് അലി പറഞ്ഞു.
വ്യത്യസ്ത രീതികളിലാണ് വസ്ത്രങ്ങൾക്ക് വില നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിലോ കണക്കിനും, ബോക്സുകളുടെ എണ്ണത്തിനും വിലയിടുന്നവർ ഉണ്ട്. മറ്റ് ചിലർ വസ്ത്രം ഒന്നിന് 200 അല്ലെങ്കിൽ 300 ഫിൽസ് വീതമാണ് വിലയിടുന്നത്.
ഈ തുണിത്തരങ്ങൾ വാങ്ങുന്ന കച്ചവടക്കാർ ആഫ്രിക്ക, ജോർദാൻ, ലെബനോൻ എന്നിവിടങ്ങളിലേയ്ക്ക് അവ വൻ തുകക്ക് കയറ്റി അയക്കുന്നു. വ്യാപാരികൾ ഇവിടെ 200 ഫിൽസിന് വാങ്ങുന്ന തുണിത്തരങ്ങൾ ജോർദാനിലും ലെബനോനിലും ടർക്കിയിലും സിറിയൻ അഭയാർത്ഥി ക്യാന്പുകളിലും അഞ്ച് ബഹ്റൈൻ ദിനാർ വരെ വിലയ്ക്ക് വിൽക്കുന്നു. ഈ അവർ ഉണ്ടാക്കുന്ന ലാഭം വളരെ വലുതാണെന്നും അഹമ്മദ് അലി പറയുന്നു.
ഞങ്ങൾ 30 ബഹ്റൈൻ ദിനാറിന് 100 കിലോ വസ്ത്രങ്ങൾ വാങ്ങുന്നു. അഞ്ച് ബഹ്റൈൻ ദിനാറാണ് ഷിപ്പിംഗ് ചിലവ്. 10 ബഹ്റൈൻ ദിനാർ ജോർദാനിലെ ഇറക്കുമതി നികുതിയായി നൽകണം. ജോർദാനിലേയ്ക്ക് വസ്ത്രങ്ങൾ കയറ്റി അയയ്ക്കാൻ 45 ബഹ്റൈൻ ദിനാർ ചെലവുണ്ട്.
70 ബഹ്റൈൻ ദിനാറിനാണ് അവിടെ തുണിത്തരങ്ങൾ വിൽക്കുന്നതെന്നും കച്ചവടക്കാരിൽ ഒരാളായ അബു സൗദ് പറഞ്ഞു. നിയമപരമാണ് ബിസിനസ് നടത്തുന്നതെന്നും ഇതിൽ നിയമവിരുദ്ധമായത് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ, സൗദി അറേബ്യ, ജോർദാൻ എന്നീ രാജ്യങ്ങളുടെ നിയമങ്ങൾ പാലിച്ചാണ് ബിസിനസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ വാങ്ങിച്ച തുണിത്തരങ്ങളിൽ മോശമായവ അർഹരായവർക്ക് സൗജന്യമായി നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.