ഈദ് ദിനങ്ങളിൽ ഹോട്ടൽ വ്യവസായത്തിന് വൻ കുതിച്ചുചാട്ടം

മനാമ : ഈദ് ദിനങ്ങളിൽ രാജ്യത്തെ ഫൈവ്, ഫോർ സ്റ്റാർ ഹോട്ടലുകളുടെ നിരക്ക് 80 ശതമാനം വരെ ഉയർന്നതായി രംഗത്തെ വ്യവസായ പ്രമുഖർ പറഞ്ഞു. അറേബ്യൻ പൗരൻമാർക്കും മറ്റ് വിദേശികൾക്കും ഏറ്റവും പ്രിയങ്കരമായ ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിലുള്ള ബഹ്റൈന്റെ സ്ഥാനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അവർ പറഞ്ഞു.
രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന് ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അഥോറിറ്റി നൽകിയ പിന്തുണയും ഫലം കണ്ടു. ടൂറിസം മേഖലയിൽ രാജ്യം മുന്നേറുകയാണെന്ന് വ്യവസായ പ്രമുഖൻ അക്രം മിർനാസ് പറഞ്ഞു. ഈദ് അവധി ദിവസങ്ങൾ മേഖലയ്ക്ക് വളരെ നല്ല ഉണർവാണ് നൽകിയത്. ഹോട്ടലുകൾ, ഭക്ഷണശാലകൾ, കഫേകൾ, വാട്ടർപാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിലേയ്ക്ക് ടൂറിസ്റ്റുകൾ എത്തി. ടൂറിസം വകുപ്പ് സംഘടിപ്പിച്ച പല പരിപാടികളും അറബ് കുടുംബങ്ങളെ ആകർഷിച്ചതായും അദ്ദേഹം പറഞ്ഞു.
ഗോൾഡൻ തുലിപ് ഹോട്ടലിൽ നിരക്ക് 80 ശതമാനം വർദ്ധിച്ചിരുന്നതായി ഹോട്ടൽ ജനറൽ മാനേജർ അബ്ദുൽ റഹീം അൽ സയിദ് പറഞ്ഞു. പെരുന്നാൾ അവധിയായിരുന്ന അഞ്ച് ദിവസങ്ങൾക്ക് മുൻകൂട്ടി ബുക്കിങ് ആരംഭിച്ചിരുന്നു. രണ്ടാമത്തെ ദിവസം പരമാവധി ഉപഭോക്താക്കളെത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ കിഴക്കൻ തീരത്ത് താമസിക്കുന്ന വിദേശികളാണ് കൂടുതലായി എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളത് കൂടാതെ സ്വിറ്റ്സർലൻഡ്, ജർമ്മനി, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികളും രാജ്യം സന്ദർശിച്ചു.