ലോകകപ്പ് ആവേശത്തിൽ ബഹ്റൈനും

മനാമ : റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ആവേശങ്ങളിൽ ലോകം മുഴുവൻ അലിയുന്പോൾ ബഹ്റൈനിലും മലയാളി പ്രവാസികൾ അടക്കമുള്ള ഫുട്ബോൾ ആരാധകർ ലോകകപ്പ് ഫുട്ബോളിന്റെ തിരയിളക്കത്തിലാണ്. ഓരോരുത്തരുടെയും ഇഷ്ട ടീമുകളുടെയും ഇഷ്ടപ്പെട്ട കളിക്കാരുടെയും ജേഴ്സികൾ അണിഞ്ഞും ആശംസകൾ അർപ്പിച്ചും രാത്രിയെ പകലാക്കി രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കായിക പ്രേമികൾ ലോകകപ്പിനെ ഉത്സവപ്രതീതിയിലാഴ്ത്തുകയാണ്. ചെറിയ റസ്റ്റോറന്റുകൾ മുതൽ രാജ്യത്തെ വൻകിട ഹോട്ടൽ വരെയുള്ള ഭക്ഷണ ശാലകളിലും ക്ലബ്ബുകളിലും ലോകകപ്പ് ഫുട്ബോൾ ലൈവ് കാണാനുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ ശീഷ ഷോപ്പുകളിലും രാവേറെ ചെല്ലുന്നത് വരെയും ഫുടബോൾ ലൈവ് കാണാനുള്ള സംവിധാനമുണ്ട്. ഈദ് അവധിയായതിനാൽ പോയ ദിവസങ്ങളിൽ എല്ലായിടത്തും കളി കാണുന്നതിന് നല്ല തിരക്കായിരുന്നുവെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. ഫുഡ്ബോളും ഈദും ഒരേ സമയത്ത് തന്നെ എത്തിയത് രാജ്യത്തെ പല ഹോട്ടലുകൾക്കും വലിയ അനുഗ്രഹമായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുറി വാടകയിനത്തിൽ നല്ലൊരു കുതിച്ച് കയറ്റം ഇക്കുറി ഉണ്ടായതായി ഹോട്ടലുടമകൾ പറയുന്നു.
കിക്കോഫിന് ദിവസങ്ങൾ ബാക്കി നിൽക്കെ ബിഗ് സ്ക്രീൻ ഒരുക്കി തങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രത്യേക പാക്കേജ് നൽകിയാണ് ചില റിസോർട്ടുകളിൽ പാതിരാ പാർട്ടികൾ ഏർപ്പാട് ചെയ്തിട്ടുള്ളത്. മനാമ കോറൽ ബേ റിസോർട്ടിലെ ബിഗ് സ്ക്രീനിന് മുന്നിൽ ഇരുന്ന് കളി കാണുന്നവർക്ക് പ്രത്യേക പാക്കേജാണ് നൽകിയിട്ടുള്ളതെന്ന് റിസോർട്ട് ഉടമകൾ പറഞ്ഞു.
ബീവറേജ് അടക്കമുള്ള ഭക്ഷണം അടങ്ങിയ പാക്കേജാണ് തങ്ങളുടേതെന്ന് അവർ അറിയിച്ചു. ഉപഭോക്താക്കൾക്ക് വേണ്ടി പിക്ക് ആന്റ് ഡ്രോപ്പ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കോറൽ ബേയിൽ പ്രത്യേക ഫുട്ബോൾ പാക്കേജ് ആരംഭിച്ചു കഴിഞ്ഞെങ്കിലും ഔദ്യോഗികമായ ഉദ്ഘാടനം ജൂൺ 21ന് നടക്കും. രാവിലെ 9 മണി മുതൽ പുലർച്ചെ 2 മാണി വരെയായിരിക്കും പ്രവർത്തിക്കുക. എന്നാൽ ഇത് തങ്ങളുടെ മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വേണ്ടി മാത്രമായിരിക്കുമെന്നും കോറൽ ബേ റിസോർട്ട് മാനേജ്മെന്റ് അറിയിച്ചു.
ഇംഗ്ലീഷ് പത്രമായ ദി ഡെയിലി ട്രിബ്യൂൺ അദാരി പാർക്കിന്റെയും റൂം 32 ഈവന്റ് മാനേജ്മെന്റിന്റെയും സഹകരണത്തോടെ അദാരി പാർക്കിൽ ഫുട്ബോൾ ലൈവ് ബിഗ് സ്ക്രീനിൽ കാണാനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ഇവിടെ തീർത്തും സൗജന്യമായാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ദിവസേന നൂറ് കണക്കിന് ഫുട്ബോൾ പ്രേമികൾ ഇവിടെയും എത്തിച്ചേരുന്നുണ്ട്. ഇത്തവണ നാല് അറബ് രാജ്യങ്ങൾ മാറ്റുരയ്ക്കുന്നുണ്ടെന്നതിനാൽ സ്വദേശികളും ഫുട്ബോൾ ആവേശത്തിലാണ്. പ്രത്യേകം തീം സോംഗ് അടക്കമുള്ളവ സ്വാദേശികളും ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുണ്ട്.