ബഹ്റൈനിൽ ഉച്ച വിശ്രമനിയമം മൂന്ന് മാസമാക്കാൻ നീക്കം

മനാമ:വേനൽചൂട് കനത്തതോടെ മുൻകാലങ്ങളിൽ രണ്ട് മാസക്കാലമുണ്ടായിരുന്ന ഉച്ചവിശ്രമ നിയമം മൂന്ന് മാസമാക്കാനുള്ള നീക്കം പുരോഗമിക്കുന്നു. ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയാണ് ഇത്തരത്തിലുള്ള തീരുമാനത്തിന് മുൻകൈയെടുക്കുന്നത്. പുറത്ത് ജോലി ചെയ്യുന്നവരുടെ ആരോഗ്യ സംരക്ഷണത്തെ മുൻനിർത്തി മുൻകാലങ്ങളിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചസമയങ്ങിൽ ജോലി നിർത്തിവെച്ചിരുന്നു. എന്നാൽ നിലവിലെ ചൂട് 45 ഡിഗ്രി സെൽഷ്യസ് എത്തിയ സാഹചര്യത്തിലാണ് ഉച്ച വിശ്രമനിയമം മൂന്ന് മാസമായി നീട്ടാനുള്ള ശ്രമം. മറ്റ് ജി.സി.സി രാജ്യങ്ങളായ ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ ജൂൺ 1 മുതലും, സൗദ്യ അറേബിയ, യു.എ.ഇ ഖത്തർ എന്നിവിടങ്ങളിൽ ജൂൺ 15 മുതലും ഈ നിയമം പ്രാബല്യത്തിൽ വരും. കഴിഞ്ഞ കുറേ വർഷങ്ങളായി ബഹ്റൈനിലും ഉച്ചവിശ്രമ നിയമം മൂന്ന് മാസമായി നീട്ടാനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും ഇക്കാര്യത്തിൽ ചില ബിസിനസ് ഉടമകളിൽ നിന്ന് എതിർപ്പുകൾ നേരിട്ടിരുന്നു. മെയ് മാസത്തിൽ തുടങ്ങുന്ന വേനൽ ഏകദേശം സപ്തംബർ മാസം വരെ നീളുന്ന സാഹചര്യമാണ് ബഹ്റൈനിൽ ഉള്ളത്. അതിനാൽ രണ്ട് മാസം മാത്രം ഉച്ചവിശ്രമനിയമം മതിയാകില്ല എന്നാണ് ഈ വിഷയത്തിൽ പലരും അഭിപ്രായപ്പെടുന്നത്.