ബഹ്റൈനിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയത്തിന് ഇന്ന് തറക്കല്ലിടും

മനാമ : ബഹ്റൈനിലെ കത്തോലിക്ക വിശ്വാസികളുടെ ഏറ്റവും വലിയ കത്തീഡ്രൽ ദേവാലയത്തിന് ഇന്ന് രാത്രി 9 മണിക്ക് തറക്കല്ലിടും. അവാലിയിൽ ബഹ്റൈൻ രാജാവ് തീർത്തും സൗജന്യമായി അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലത്താണ് ‘ഔർ ലേഡി ഓഫ് അറേബ്യ’ എന്ന പേരിൽ ഈ ദേവാലയം സ്ഥാപിക്കുകയെന്ന് കഴിഞ്ഞ ദിവസം മനാമ സേക്രട്ട് ഹാർട്ട് പള്ളിയിൽ െവച്ച് ചേർന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
ഇന്ന് വൈകീട്ട് ഉത്തര അറേബ്യൻ വികാരിയേറ്റിന്റെ വികാർ അപ്പസ്തോലിക് ബിഷപ്പ് കാമില്ലോ ബാലിനന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകളോടെ നടക്കുന്ന തറക്കല്ലിടൽ കർമ്മത്തിൽ വിവിധ പുരോഹിതന്മാരും ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരും ആയിരത്തോളം വിശ്വാസികളും സംബന്ധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. അവാലി ചർച്ച് ഗായക സംഘത്തിന്റെ പ്രാർത്ഥന ഗാനങ്ങളും ഉണ്ടാകും. അറേബ്യൻ ഉപദ്വീപ് സ്ഥാനപതി ഫ്രാൻസിസ്കോ മൊണ്ടെസില്ലോ പാഡില്ല മുഖ്യാതിഥി ആയിരിക്കും. രാജകുടുംബാംഗങ്ങൾ, മന്ത്രി സഭാംഗങ്ങൾ, വിവിധ ഗവർണറേറ്റ് ഗവർണർമാർ വിവിധ രാജ്യങ്ങളുടെ അംബാസിഡർമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും. അബ്രഹാം ജോൺ കൺവീനറായി പാരിഷ് വികാരിമാരായ റവ. ഫാ. സേവ്യർ, സജി തോമസ്, റോവൻ എന്നിവരുടെ നേതൃത്വത്തിലുള്ള 110 പേരടങ്ങുന്ന കമ്മിറ്റിയാണ് ഇന്നത്തെ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. വർഗ്ഗീസ് കാരയ്ക്കൽ, രഞ്ജിത്ത്, ജിക്സൺ, ഡിക്സൺ, ബാബു, ബിനോയ്, റോയ്സ്റ്റൻ, ടോണി, റെജി, റുയൽ കാസ്ട്രോ തുടങ്ങിയവരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റികളും പ്രവർത്തിക്കുന്നു.
9000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പണിയുന്ന ദേവാലയത്തിന് 11.3 മില്യൺ ദിനാർ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. 480ഓളം വാഹന പാർക്കിംഗിന് അടക്കം സൗകര്യമുള്ള ദേവാലയത്തിൽ ഓഡിറ്റോറിയം സൗകര്യവും ഉണ്ടാകും. ബിഷപ്പിന്റെ നേതൃത്വത്തിൽ പാരിഷ് അംഗങ്ങളായ റോഡ് അക്കോസ്റ്റ, പ്രോജക്റ്റ് മാനേജരും റൂയൽ കാസ്ട്രോ പ്രോജക്റ്റ് സെക്രട്ടറിയുമായുള്ള 17 പേരുള്ള സാങ്കേതിക വിദഗ്ദ്ധരും മാനേജ്മെന്റ് വിദഗ്ദ്ധരും അടങ്ങിയ കമ്മിറ്റിയാണ് കെട്ടിട നിർമ്മാണത്തിനുള്ള മേൽനോട്ടം വഹിക്കുന്നത്. 22 മാസത്തിനുള്ളിൽ കെട്ടിടം പണി പൂർത്തിയാക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഇറ്റാലിയൻ കൺസൾട്ടന്റ് മാട്ടിയ ഡെൽ, ഇസ്മായിൽ അസോസിയേറ്റ്സ് എന്നിവർ കൺസൾട്ടന്റായി മുഹമ്മദ് ജലാൽ കോൺട്രാക്റ്റിംഗ് കന്പനിയാണ് നിർമ്മാണ ചുമതകൾ വഹിക്കുന്നത്. 1939ലെ ജൂൺ 9നായിരുന്നു ബഹ്റൈനിലെ ആദ്യത്തെ മനാമ സേക്രട്ട് ഹാർട്ട് പള്ളിയുടെ ശിലാസ്ഥാപന കർമ്മം നടന്നതെങ്കിൽ 80 വർഷങ്ങൾക്കിപ്പുറം വീണ്ടും അതെ ദിനത്തിൽ തന്നെ മറ്റൊരു പ്രാർത്ഥനാലയത്തിനും തുടക്കം കുറിക്കുവാൻ കഴിയുന്നതിൽ ബഹ്റൈൻ ഭരണാധികാരികളോടുള്ള കടപ്പാട് ഒരിക്കലും പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്നും എല്ലാ മതസ്ഥർക്കും പ്രാർത്ഥിക്കാനും ഒത്തുചേരാനുമുള്ള സ്വാതന്ത്ര്യം നൽകുന്ന ഈ രാജ്യത്ത് ഇത്തരം ഒരു പള്ളി നിർമ്മിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. അവാലിയിലെ നിർദ്ദിഷ്ട ദേവാലയത്തിന്റെ ശിലാസ്ഥാപന കർമ്മത്തിലും തുടർന്നുള്ള പരിപാടികളിലും എല്ലാവരും സംബന്ധിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ബിഷപ്പ് കാമില്ലോ ബാലിൻ, അബ്രഹാം ജോൺ, രഞ്ജിത്ത് ജോൺ, ചർച്ച് വികാരി സേവിയർ റൊസാരിയോ, വർഗ്ഗീസ് കാരയ്ക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.