പുതിയ നിയമങ്ങൾ നടപ്പിലാക്കിയിട്ടും ഗതാഗത നിയമലംഘനങ്ങൾ ഉയർന്നുതന്നെ

മനാമ : കഴിഞ്ഞ മേയ് മാസത്തിൽ പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പാക്കിയിട്ടും ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണം ഉയർന്നുതന്നെ. കഴിഞ്ഞ വർഷത്തെ ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണം 2016ലേതിനേക്കാൾ 60 ശതമാനം വർദ്ധിച്ചു. 2016ൽ 524,599 ഗതാഗത നിയമ ലംഘനങ്ങളുണ്ടായിരുന്നത് കഴിഞ്ഞ വർഷം 843,697 ആയി വർദ്ധിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തിറക്കിയ കണക്കുകൾ പ്രകാരം കഴിഞ്ഞ കാലങ്ങളിൽ നിയമലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. 47 ശതമാനം ലംഘനങ്ങളും വാഹനങ്ങളുടെ അമിത വേഗത മൂലമുള്ളതാണ്. 399,000 കേസുകളാണ് അമിതവേഗതമൂലമുള്ളത്.
പാർക്കിംഗ് നിയമലംഘനം രണ്ടാമതും (14,000ത്തിൽ അധികം), ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച കേസുകൾ മൂന്നാം സ്ഥാനത്തും മദ്യപിച്ച് വാഹനമോടിച്ച കേസുകൾ നാലാം സ്ഥാനത്തുമാണ്. ഗതാഗത നിയമലംഘകർക്ക് കഠിനമായ പിഴ ചുമത്തുന്ന നിയമങ്ങളാണ് പുതിയതായി നിലവിൽ വന്നത്. ഗതാഗത നിയമലംഘനങ്ങൾ മൂലം മരണമോ ഗുരുതരമായ പരിക്കുകളോ സംഭവിച്ചാൽ നിയമലംഘകർ കൂടുതൽ കഠിനമായ ശിക്ഷകൾ അനുഭവിക്കേണ്ടിവരും.