ഇന്ത്യൻ സ്കൂളിൽ ഇനി മുതൽ എട്ട് മാതൃഭാഷകൾ


മനാമ : ഇന്ത്യൻ സ്‌കൂൾ തങ്ങളുടെ പാഠ്യപദ്ധതിയിൽ കൂടുതൽ മാതൃഭാഷകൾ ഉൾപ്പെടുത്താനുള്ള നൂതന പദ്ധതി ആരംഭിച്ചതായി വാർത്താകുറിപ്പിൽ അറിയിച്ചു. ബഹ്റൈന്റെ വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രവാസികളുടെ കുട്ടികൾക്ക് മാതൃഭാഷ പഠിക്കാനായിട്ടാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

കൂടുതൽ മൂന്നാം ഭാഷകൾ ഉൾപ്പെടുത്താനുള്ള നടപടികൾ ഇന്ത്യൻ സ്‌കൂൾ റിഫ ക്യാന്പസിൽ ഏപ്രിലിൽ തുടങ്ങിയ പുതിയ അദ്ധ്യയന വർഷത്തിൽ ആരംഭിച്ചു കഴിഞ്ഞു. റിഫ ക്യാന്പസിൽ പ്രൈമറി തലത്തിൽ സംസ്കൃതം, മലയാളം, തമിഴ്, കന്നഡ, പഞ്ചാബി, ഗുജറാത്തി, ഉറുദു, ഫംഗ്്ഷണൽ ഫ്രഞ്ച് എന്നിങ്ങനെ എട്ട് ഭാഷകൾ ഒന്നാം ക്ലാസിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞു. മാതൃഭാഷാ പഠനത്തിൽ പ്രാവീണ്യം നൽകുന്നതിനായി ക്രിയാത്മക നടപടികൾ സ്വീകരിച്ചതായി ഇന്ത്യൻ സ്‌കൂൾ റിഫ ക്യാന്പസ് പ്രിൻസിപ്പൽ പമേല സേവിയർ പറഞ്ഞു. 

ഈ ഭാഷകളിൽ വായനയും എഴുത്തും സംസാരവും ശ്രവണവും പരിപോഷിപ്പിക്കാനുള്ള കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. കുട്ടികൾക്ക് അവരുടെ മാതൃഭാഷയിൽ അറിവ് പകരുന്നത്തിലൂടെ അവരുടെ സന്പന്നമായ സംസ്കാരത്തെ കൂടുതൽ അടുത്തറിയാൻ സാധിക്കും. അതുകൊണ്ടുതന്നെ ഇത്തരമൊരു പദ്ധതിക്ക് ഇന്ത്യൻ സ്‌കൂൾ ചരിത്രത്തിൽ പ്രശംസനീയമായ ചുവടുവെപ്പാണെന്ന് പമേല സേവ്യർ പറഞ്ഞു. 

അറബിക് മാതൃഭാഷയുള്ള കുട്ടികൾക്ക് ഫംഗ്്ഷണൽ ഫ്രഞ്ച് കൂടുതൽ ഉപകാരപ്പെടും. ബഹ്റൈൻ പാഠ്യപദ്ധതി പ്രകാരം അറബിക് ഭാഷ എല്ലാ ക്ലാസുകളിലെയും സ്വദേശി വിദ്യാർത്ഥികൾക്ക് നിർബന്ധമാണെന്നതിനാൽ ഇതിനകം ആ ഭാഷ പഠിക്കുന്ന കുട്ടികൾക്ക് ഫംഗ്്ഷണൽ ഫ്രഞ്ച് മൂന്നാം ഭാഷയെന്ന രീതിയിൽ അനുഗ്രഹമാകും. ചെറു പ്രായത്തിൽ ഭാഷ എളുപ്പത്തിൽ സ്വായത്തമാക്കാമെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രാദേശിക ഭാഷകൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് പമേല സേവ്യർ വ്യക്തമാക്കി.

പാഠ്യ വിഷയങ്ങൾ കൂടുതൽ മനസിലാക്കാനും കുട്ടികൾക്ക് സ്‌കൂളിനോടുള്ള അനുകൂല മനോഭാവം വളർത്താനും ഈ നീക്കം ഉപകാരപ്പെടുമെന്ന് അവർ പറഞ്ഞു.

ഇന്ത്യൻ സ്‌കൂളിന്റെ ഇസാടൗൺ ക്യാന്പസിലും കൂടുതൽ പ്രാദേശിക ഭാഷകൾ രണ്ടാം ഭാഷയായി പുതിയ അദ്ധ്യയന വർഷത്തിൽ ഉൾപ്പെടുത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഒന്പതാം ക്ലാസിൽ തമിഴ്, ഉറുദു എന്നീ ഭാഷകളും രണ്ടാം ഭാഷയാകും. ഈ ക്ലാസുകളിൽ ഇതിനകം മലയാളം, അറബിക്, ഫ്രഞ്ച്, ഹിന്ദി, സംസ്കൃതം എന്നീ രണ്ടാം ഭാഷകൾ പഠിപ്പിച്ചു വരുന്നുണ്ട്.

മിഡിൽ സെക്ഷനിൽ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അറബിക്, സംസ്കൃതം, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, പഞ്ചാബി, ഫ്രഞ്ച്, ഉറുദു എന്നിവ മൂന്നാം ഭാഷയായി ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ ആശയ വിനിമയ ശേഷിയും വിമർശനാത്മക ചിന്തയും വളർത്തി അവരുടെ പഠനം മികവുറ്റതാക്കാൻ മാതൃഭാഷാ പഠനത്തിലൂടെ സാധിക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപൽ വി.ആർ പളനിസ്വാമി പറഞ്ഞു.

കൂടുതൽ മാതൃഭാഷകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസമാണ് ഇന്ത്യൻ സ്ക്കൂളിന്റെ നിലപാടെന്ന് ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു.കഴിഞ്ഞ സ്‌കൂൾ തിരഞ്ഞെടുപ്പ് വേളയിൽ ഇത് സംബന്ധമായ വാഗ്‌ദാനം രക്ഷിതാക്കൾക്ക് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.

വിവിധ ഗ്രേഡുകളിൽ കൂടുതൽ മാതൃഭാഷകൾ ഉൾപ്പെടുത്തി പഠനം ഒരു മികച്ച അനുഭവമാക്കി മാറ്റുകയാണ് തങ്ങളുടെ സമീപനമെന്ന് പ്രിൻസ് നടരാജൻ പറഞ്ഞു. കുട്ടികളുടെ സർവ്വതോന്മുഖമായ കാര്യഗ്രഹണ ശേഷിക്കും അക്കാദമിക നിലവാരത്തിനും മാതൃഭാഷാ പഠനം അനിവാര്യമാണെന്ന് ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു.

You might also like

Most Viewed