ഓർമ്മ നഷ്ടപ്പെട്ട പൊന്നപ്പനെ ഒടുവിൽ സഹോദരി തിരിച്ചറിഞ്ഞു
മനാമ: കഴിഞ്ഞ ഏഴു വർഷമായി അപകടത്തിൽ പരിക്കേറ്റ് സൽമാനിയ ആശുപത്രിയിലും, മുഹറഖ് ജെറിയാട്രിക് ആശുപത്രിയിലുമായി ഓർമ്മശക്തി നഷ്ടപ്പെട്ട് ചികിത്സയിലായിരുന്ന പൊന്നപ്പൻ എന്ന വിളിപ്പേരിലുള്ള പോൾ സേവ്യറിനെ നാട്ടിലെ കുടുംബാഗങ്ങൾ തിരിച്ചറിഞ്ഞു.2011 ൽ റോഡരുകിൽ നിന്നും ആംബുലൻസിൽ സൽമാനിയയിൽ എത്തിക്കപ്പെട്ട ഇയാൾക്ക് സി.പി.ആർ, പാസ്സ് പോർട്ട് തുടങ്ങിയ യാതൊരു രേഖയുമില്ലായിരുന്നു. മലയാളിയാണന്നതൊഴികെ എവിടെയാണ് വീടെന്നോ, പേരെന്തെന്നോ പോലും അദ്ദേഹത്തിന് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. സാമൂഹ്യ പ്രവർത്തകരായ സിയാദ് ഏഴംകുളം, നിസാർ കൊല്ലം എന്നിവരോട് ഡോ.അബ്ബാസും, ആശുപത്രി സോഷ്യൽ വർക്കർ ഫൈസൽ ജവാദും അറിയിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിയ ഇവരോട് ആശുപത്രി അധികൃതർ ഇയാളെ സംബസിച്ചുള്ള വിവരങ്ങൾ ധരിപ്പിക്കുകയും, നാട്ടിലെത്തിക്കാനായി സഹായാഭ്യർത്ഥന നടത്തുകയുമായിരുന്നു. സൽമാനിയ ആശുപത്രി രേഖയിൽ പുരു എന്നും അദ്ദേഹത്തെ സന്ദർശിച്ച സാമൂഹ്യ പ്രവർത്തകരോട് പൊന്നപ്പനെന്നും സ്ഥലം എറണാകുളം തോപ്പുംപടി എന്നുമാണ് പറഞ്ഞത്. 2011 സെപ്തംബർ മാസം ഏഴിനാണ് ഇദ്ദേഹത്തെ സൽമാനിയാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
കൊച്ചി പള്ളുരുത്തി പുന്നക്കാട്ടുശ്ശേരി കുടുംബത്തിലെ പരേതനായ സേവ്യറിന്റേയും, പരേതയായ സിസിലി സേവ്യറിന്റേയും ആറു മക്കളിൽ മൂന്നാമനാണ്.നാലു സഹോദരന്മാരും, രണ്ടു സഹോദരിമാരുമുള്ള പൊന്നപ്പന്റെ മാതാവ് നാലു വർഷങ്ങൾക്കു മുന്പ് മരണപ്പെട്ടു.കഴിഞ്ഞ നാലു ദിവസങ്ങൾക്കു മുൻപ് അനുജൻ ജെൻസൺ എന്നു വിളിപ്പേരുള്ള സെബാസ്റ്റ്യൻ സേവ്യറും മരണപ്പെട്ടു.1978 ൽ പതിനെട്ടാം വയസ്സിൽ കപ്പൽമാർഗ്ഗമാണ് പൊന്നപ്പൻ ബഹ്റൈനിലെത്തിയത്. മനാമയിലുള്ള ഡെൽമൺ റെസ്റ്റൊന്റിലേക്ക് കോഴിക്കോട്ടെ ഒരു കുടുംബ സുഹൃത്തുവഴി ജോലിക്കെത്തിയ പൊന്നപ്പൻ രണ്ടു വർഷത്തോളം ഹോട്ടലിലും, സ്പോൺസറുടെ വീട്ടിലുമായി ജോലി ചെയ്തിരുന്നു എന്നാണ് കുടുംബത്തെ അറിയിച്ചിട്ടുള്ളത്.പിന്നീട് ശന്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കാതെ വന്നപ്പോൾ മറ്റൊരു ജോലിയിലേക്ക് മാറാനായി സ്പോൺസറിൽ നിന്നും പാസ്പോർട്ട് ലഭിച്ചില്ല. തുടർന്ന് മുഹറഖിലെ ഒരു സുഹൃത്തുമായി ചേർന്ന് കച്ചവടം നടത്തുന്നതിനുള്ള തന്റെ ആഗ്രഹം വീട്ടുകാരെ അറിയിച്ച് സന്പത്തിക സഹായം ആവശ്യപ്പെട്ടതനുസരിച്ച് മൂന്നൂറു ദിനാർ അവർ തരപ്പെടുത്തി നൽകി.2001ലാണ് അവസാനമായി പൊന്നപ്പൻ കുടുംബവുമായി ബന്ധപ്പെട്ടത്. ഒറ്റത്തവണ ആയിരം രൂപ മാത്രമാണ് കുടുംബത്തിലേക്ക് അയച്ചിട്ടുള്ളു. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് പൊന്നപ്പന്റേത് . 59 വയസ്സുള്ള ജേഷ്ഠനാകട്ടെ ഭാര്യ പോലും ഉപേക്ഷിച്ച നിലയിലാണ്. കഴിഞ്ഞ ആഴ്ചത്തെ ഒരനുജന്റെ മരണത്തോടു കൂടി ആശ്രയമറ്റ ഭാര്യയും, രണ്ടു കുട്ടികളുമുള്ള ഒരു വീട്ടിലേക്ക് പൊന്നപ്പനും കൂടി എത്തിയാലുള്ള അവസ്ഥയെ കുറിച്ച് സഹോദരനെ കണ്ടെത്തിയ സന്തോഷത്തിൽപ്പോലും തികഞ്ഞ ആശങ്കയാണ് മൂത്ത സഹോദരി ബേബി സാമൂഹ്യ പ്രവർത്തകരോട് പങ്കുവെച്ചത്. ഇപ്പോഴും റേഷൻ കാർഡിൽ നിന്ന് പേരു നീക്കാത്തത് എന്നെങ്കിലുമൊരു നാൾ തങ്ങളുടെ സഹോദരൻ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയിലാണെന്നും അവർ പറഞ്ഞു. യാത്രാരേഖകൾ ശരിയാക്കാൻ പള്ളിയിൽ നിന്നും ജനനസർട്ടിഫിക്കറ്റും, റേഷൻ കാർഡ് കോപ്പിയും അയച്ചുതരാമെന്നേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ബഹ്റൈനിലെ മാധ്യമ വാർത്തകളും, വിവിധ ഗൾഫ് രാജ്യങ്ങളിലെ സാമൂഹ്യ മാദ്ധ്യമങ്ങൾ, വാട്ട്സ്ആപ്പ് കൂട്ടായ്മകൾ എന്നിവ നടത്തിയ ശക്തമായ ഇടപെടലുമാണ് പൊന്നപ്പനെ തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചതെന്ന് മൈത്രി സോഷ്യൽ അസ്സോസിയേഷൻ ഭാരവാഹികളായ നിസാർ കൊല്ലവും, സിയാദ് ഏഴംകുളവും അറിയിച്ചു.മുഹറഖ് ജൂറിയാട്രിക് സെന്ററിൽ പ്രവേശിപ്പിച്ച മറ്റൊരു രോഗിയായ ജോസഫ് കോരുതിനെ ആദ്യമായി സന്ദർശിക്കാനെത്തിയ ഇവർ ആശുപത്രി ഡോക്ടർ അബ്ബാസിൽ നിന്ന് ഇദ്ദേഹത്തെ സംബന്ധിച്ച വിവരം അറിയാനിടയായത്.പൊന്നനെ നാട്ടിലെ സുരക്ഷിതമായ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുള്ള കൂട്ടായ പരിശ്രമമാണ് ഇനി വേണ്ടതെന്നും സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.

