അനധികൃത പരസ്യങ്ങൾക്ക് പിഴ ഈടാക്കും
മനാമ : രാജ്യത്തെ പൊതു സ്ഥലങ്ങളിലും റോഡരികിലും നഗര സഭകളുടെ അനുമതിയില്ലാതെ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾക്ക് ഇനി മുതൽ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിലെയും സ്വകാര്യ കെട്ടിടങ്ങൾ അടക്കമുള്ളവയിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾക്കും അനുമതി വേണമെന്ന് മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി. സതേൺ മുനിസിപ്പൽ പെർമിറ്റ്സ് ആന്റ് സർവ്വീസസ് വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഷൈഖാ മറിയം ബിൻത് ആണ് കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ ഇത് സംബന്ധിച്ച പദ്ധതി പുറത്തുവിട്ടത്.
മുൻപ് മുൻസിപ്പൽ ഇൻസ്പെക്ടർമാരായിരുന്നു ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾക്ക് പിഴ സംഖ്യ പിരിച്ചിരുന്നതെങ്കിൽ പുതിയ നിയമത്തിൽ ഓരോ നിയമലംഘനത്തിനുമുള്ള പിഴ സംഖ്യ എത്രയാണെന്നുള്ള കാര്യത്തിൽ ഒരു ഏകീകരണം ഉണ്ടാകുമെന്നും ഷൈഖാ വ്യക്തമാക്കി. നിലവിൽ ഓരോ ഗവർണറേറ്റുകളിലും ചില നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കപ്പെടുകയും ചിലത് പിടിക്കപ്പെടാതെ പോകുന്ന അവസ്ഥയുമുണ്ട്. ഇനി മുതൽ ട്രാഫിക് നിയമലംഘനങ്ങൾ പോലെ തന്നെ സ്ഥിരമായ ഒരു സംവിധാനമാണ് ഇക്കാര്യത്തിൽ ഉണ്ടാകാൻ പോകുന്നത്.നിലവിൽ വിവിധ ഗവർണറേറ്റുകളിൽ ഇത്തരം നിയമ ലംഘകരിൽ നിന്ന് പിഴ സംഖ്യ ഈടാക്കിയാലും വീണ്ടും നിയമലംഘനം തുടരുന്ന പ്രവണതകൾ കണ്ടുവരുന്നുണ്ട്. അതുകൊണ്ടാണ് വളരെ മുൻപ് നടപ്പിലാക്കിയ നിയമത്തിന് ഇപ്പോൾ ഒരു അഴിച്ചുപണി നടത്തേണ്ടതിന്റെ ആവശ്യകത വന്നിരിക്കുന്നത്. നിയമലംഘനം നടത്തിയതായി ബോധ്യപ്പെട്ടാൽ മുനിസിപ്പൽ ഇൻപെക്ടർമാർക്ക് ഉടൻ തന്നെ നടപടി എടുക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. പിഴ ഒടുക്കാതിരുന്നാൽ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
പാഴ്‌വസ്തുക്കൾ പൊതു സ്ഥലങ്ങളിൽ കൊണ്ടുവന്ന് തള്ളിയാൽ പിഴ ചുമത്തുന്ന കാര്യത്തിലും വിവിധ ഗവർണറേറ്റുകൾക്ക് വ്യത്യസ്ത നടപടിക്രമങ്ങളാണ് നിലവിലുള്ളത്. നോർത്തേൺ ഗവർണറേറ്റിൽ പാഴ്−വസ്തുക്കളുടെ അളവിനനുസരിച്ച് പിഴ ഈടാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. എന്നാൽ സതേൺ ഗവർണറേറ്റ് ആവട്ടെ നിയമലംഘകരോട് അത് നീക്കം ചെയ്യാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ എല്ലാ ഗവർണറേറ്റുകളും ഏകീകരണം ഉണ്ടാകണമെന്നും ഷൈഖാ വ്യക്തമാക്കി. സതേൺ ഗവർണറേറ്റിൽ കഴിഞ്ഞ വർഷം മാത്രം 1200ഓളം അനധികൃത പരസ്യങ്ങളാണ് പിടികൂടിയതെന്ന് മുനിസിപ്പാലിറ്റി സീനിയർ എഞ്ചിനിയർ ഹമദ് അൽ ഖത്തം പറഞ്ഞു. രാജ്യത്ത് പരസ്യങ്ങൾ െവയ്ക്കുന്നതിന് ഏകദേശം 1.7 മില്യൻ ലഭിക്കുന്ന ടെണ്ടറുകളാണ് ക്ഷണിക്കാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷം 500000 ദിനാർ പരസ്യ വരുമാനത്തിൽ നിന്ന് മാത്രം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് തങ്ങൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
