ലോ­യ കേ­സിൽ പ്രത്യേ­ക അന്വേ­ഷണം ആവശ്യമി­ല്ലെ­ന്ന് സു­പ്രീംകോ­ടതി­


ന്യൂഡൽഹി : ജസ്റ്റിസ് ബി.എച്ച് ലോയയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി. ഗൂഢലക്ഷ്യങ്ങളുള്ള ഹർജികൾ നിരുത്സാഹപ്പെടുത്തണമെന്നും ഹർജി തള്ളി കൊണ്ട് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. ലോയയുടെ സഹവർത്തികളായിരുന്ന നീതിന്യായ ഉദ്യോഗസ്ഥരുടെ മൊഴികളെ സംശയത്തിന്റെ നിഴലിൽ നിർത്താൻ തങ്ങൾക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ബി.ജെ.പി അദ്ധ്യക്ഷൻ‍ അമിത് ഷായ്ക്കും ലോയയുടെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്ന നാല് ജഡ്ജിമാർ‍ക്കും ഒരേപോലെ ആശ്വാസം നൽ‍കുന്നതാണ് വിധി.

അഭിഭാഷകരായ ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷൺ‍, രാജീവ് ധവാൻ എന്നിവരെയും കോടതി രൂക്ഷമായി വിമർശിച്ചു. അഭിഭാഷകർ കോടതിയുടെ അന്തസ് കളങ്കപ്പെടുത്താൻ ശ്രമിച്ചു. എങ്കിലും ഇവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ലോയ കേസുമായി ബന്ധപ്പെട്ട ഒരു കേസും മറ്റ് കോടതികളിൽ പരിഗണിക്കരുതെന്നും കോടതി ഉത്തരവിട്ടു. ലോയ കേസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട്
സമർപ്പിച്ച ഏഴ് പൊതുതാത്പര്യ ഹർജികളും കോടതി തള്ളി.

2014 ഡിസംബർ‍ ഒന്നിന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ലോയ ദുരൂഹ സാഹചര്യത്തിൽ‍ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർ‍ട്ട്. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ മുഖ്യപ്രതിയായിരുന്ന സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ‍ കേസിൽ‍ വിധി പറയാനിരിക്കേയാണ് ലോയയുടെ മരണം. ലോയയ്ക്ക് പകരം വന്ന സി.ബി.ഐ ജഡ്ജി അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

മൂന്ന് വർ‍ഷങ്ങൾ‍ക്ക് ശേഷം ലോയയുടെ സഹോദരിയാണ് മരണത്തിൽ‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. എന്നാൽ‍ ദുരൂഹതയില്ലെന്ന് കാണിച്ച് ലോയയുടെ മകൻ‍ പിന്നീട് രംഗത്തെത്തിയിരുന്നു.

You might also like

  • Straight Forward

Most Viewed