ആലിയിൽ മെറ്റൽ ഫെൻസ് സ്ഥാപിച്ചു
മനാമ : അപകടങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ഇന്നലെ നോർത്തേൺ ഗവർണറേറ്റിലുള്ള ആലിയിലെ അവന്യൂ 38ൽ മെറ്റൽ ഫെൻസ് സ്ഥാപിച്ചു. രണ്ടാഴ്ച മുന്പ് നടന്ന വാഹനാപകടത്തിൽ ആളപായമുണ്ടായതിനെത്തുടർന്നാണ് നോർത്തേൺ ഏരിയ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ മെറ്റൽ ഫെൻസ് നിർമ്മിച്ചത്.
ആലി, ജെരി അൽ ഷെയ്ഖ് മേഖലകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന റോഡ്, ഏഴ് വർഷം മുന്പ് സുരക്ഷാ പ്രശ്നങ്ങളെത്തുടർന്ന് അടച്ചുപൂട്ടിയിരുന്നു. എന്നാൽ ആലി അതിർത്തി മുതലുള്ള റോഡിന്റെ വലിയ ഭാഗം തുറന്നിരുന്നു. മാർച്ച് 29ന് അമിത വേഗതയിൽ ബഹ്‌റൈനി സ്ത്രീ ഓടിച്ച വാഹനം തട്ടി സൈക്കിൾ യാത്രക്കാരനായ ഏഷ്യൻ സ്വദേശി കൊല്ലപ്പെട്ടിരുന്നു. പാർപ്പിട മേഖലയിലെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയത്.
