അറബ് ഉച്ചകോടി മേഖലയിലെ സ്ഥിരത ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
മനാമ : സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന അറബ് ഉച്ചകോടി, മേഖലയിൽ അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പ്രധാന പങ്കു വഹിക്കുമെന്ന് ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. ഇതിന്റെ ഭാഗമായി പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്താനുള്ള പരിശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഗുദൈബിയ കൊട്ടാരത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കും പത്രപ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കും നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യവും സഹകരണവും ശക്തമാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും രാജാവിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ പ്രാദേശിക വെല്ലുവിളികൾ ദേശീയ സുരക്ഷയെയും സ്ഥിരതയെയും സംരക്ഷിക്കുന്നതിനുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ വർദ്ധിപ്പിക്കുന്നതാണെന്നും ഒരു നല്ല ഭാവി രൂപപ്പെടുത്താൻ ഐക്യം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനക്ഷേമപദ്ധതികൾ മെച്ചപ്പെടുത്തുകയും കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കുകയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ അഭിലാഷങ്ങൾ നേടിയെടുക്കാനാണ് ഗവൺെന്റ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്‌റൈൻ സമുഹത്തിന്റെ പ്രതീകാത്മക ഘടനയെ പ്രശംസിച്ച പ്രധാനമന്ത്രി പൗരന്മാരുടെ അവബോധത്തേയും ജനങ്ങളുടെ ഐക്യത്തെയും എടുത്തുപറഞ്ഞു. ജനങ്ങളുടെ ഐക്യത്തിന് പല വെല്ലുവിളികളെയും മറികടക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



