കെ.എം.സി.സി കോഴിക്കോട് ജില്ല കുടുംബസംഗമം നടത്തി
മനാമ: കോഴിക്കോട് ജില്ലാ കെ.എം.സി.സി ഹൂറ ചാരിറ്റി ഹാളിൽ വിഷൻ 33ന്റെ ഭാഗമായി ‘റിലാക്സ് 2018’ എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ചടങ്ങിന്റെ ആദ്യ സെഷൻ സി.കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. അബ്ദുൾ റസാഖ് നദ്‌വി ഉദ്ബോധന പ്രസംഗം നടത്തി. ചടങ്ങിലെ രണ്ടാം സെഷൻ വനിതാ സംഗമം കെ.എം.സി.സി സംസ്ഥാന ലേഡീസ്−വിംഗ് അദ്ധ്യക്ഷ നസീമ ജലീൽ ഉദ്ഘാടനം ചെയ്തു.
ജീവിത ശൈലീരോഗങ്ങളും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും മുൻനിർത്തി ഡോക്ടർ സുരയ്യ ഹമീദ് ആരോഗ്യ ക്ലാസ് നടത്തി. വനിതാ വിംഗിന്റെ നേതൃത്വത്തിൽ ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ നിന്നും സ്വരൂപിച്ച ഉപയോഗിച്ച പുസ്തകങ്ങൾ കൈമാറാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ബാക്കി വന്ന പുസ്തകങ്ങൾ ഇൻഡക്സ് പ്രതിനിധി ലത്തീഫ് ആയഞ്ചേരിക്ക് കൈമാറി.
ചടങ്ങിൽ ജാഫർ മൈതാനി മുഖ്യ ക്ഷണിതാവായി പങ്കെടുത്തു. കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീൽ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, മുൻ സംസ്ഥാന പ്രസിഡണ്ട് കുട്ടൂസ മുണ്ടേരി, സംസ്ഥാന ഭാരവാഹികളായ പി.വി സിദ്ദീഖ്, ഗഫൂർ കൈപ്പമംഗലം, ഷാഫിപറക്കട്ട തുടങ്ങിയവർ കുടുംബ സംഗമം സന്ദർശിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ നിരവധി കലാപരിപാടികളും അരങ്ങേറി.

