ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് തിരഞ്ഞെടുപ്പ് ആരംഭിച്ചു

മനാമ:ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയുടെ (ബി.സി.സി.ഐ) അടുത്ത ഭരണസമിതിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. ജുഫൈറിലെ ഇസാ കൾച്ചറൽ സെന്ററിൽ ഇന്ന് രാവിലെ 8 മണി മുതൽ ആരംഭിച്ച തിരഞ്ഞെടുപ്പ് രാത്രി 10 മണി വരെ നീണ്ടുനിൽക്കും. ഡബ്ല്യൂ.എൽ.എൽ, എസ്.പി.സി, ബി.എസ്.സി രജിസ്‌ട്രേഷൻ കന്പനി പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭകർക്കാണ് ബി.സി.സി.ഐയിൽ വോട്ടവകാശമുള്ളത്. അതുകൊണ്ട്തന്നെ ബഹ്‌റൈനിലെ വ്യാപാര രംഗത്ത് ഇത്തരത്തിലുള്ള മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരുള്ളതിനാൽ ഇവരുടെ വോട്ട് ഈ തിരഞ്ഞെടുപ്പിൽ വളരെ നിർണ്ണായകമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രവാസികളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ പാനലുകളും വ്യത്യസ്ത യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ബഹ്‌റൈൻ- - ഇന്ത്യ സൊസൈറ്റി ചെയർമാനായ മുഹമ്മദ് ദാദാഭായിയെപ്പോലുള്ള വൻ വ്യവസായികളുടെ കുടുംബാംഗങ്ങളടക്കം വിവിധ പാനലുകളിൽ മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ ആകെ 72 പേരാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ കുറെ ആഴ്ചകളായി മലയാളികളടക്കമുള്ള ബിസിനസ് സംരംഭകരുടെ വോട്ട് തങ്ങൾക്കനുകൂലമാക്കിയെടുക്കാൻ ഓരോ പാനൽ ഭാരവാഹികളും വ്യത്യസ്ത യോഗങ്ങൾ സംഘടിപ്പിച്ച് പ്രചാരണം നടത്തിവരികയായിരുന്നു. സംരംഭകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ബിസിനസ്സിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ സർക്കാരിൽ അറിയിച്ചു കൊണ്ട് സംരംഭകരെ സഹായിക്കാനും വേണ്ടി നിലകൊള്ളുന്ന ചേംബർ തിരഞ്ഞെടുപ്പ് രാജ്യത്തെ പ്രധാന തിരഞ്ഞെടുപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യക്കാരുടെ രജിസ്‌ട്രേഡ് സംഘടനയായ ബഹ്‌റൈൻ--ഇന്ത്യ സൊസൈറ്റി അംഗങ്ങളായ മലയാളികൾ അവരുടെ പാനലുകൾക്കായി വോട്ട് തേടുന്നതിന് വേണ്ടി സജീവമായി രംഗത്തിറങ്ങിയിരുന്നു. ബഹ്‌റൈൻ- - മലയാളി ബിസിനസ് ഫോറവും പാനലുകളുടെ യോഗങ്ങളിലെല്ലാം സജീവമായി പങ്കെടുത്തു. ബിസിനസുകാരായ തങ്ങളുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയാണെന്ന് തോന്നുന്നവർക്ക് വോട്ട് നൽകുക എന്ന തത്വമാണ് പലരും സ്വീകരിച്ചിട്ടുള്ളത്. ബഹ്‌റൈനിൽ വ്യാപാര− വ്യവസായികളായിട്ടുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രശ്‌നങ്ങൾ പഠിച്ച് അവക്ക് പരിഹാരം കാണുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എല്ലാ പാനൽ ഭാരവാഹികളും തിരഞ്ഞെടുപ്പ് ക്യാന്പയിനുകളിൽ െവച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ബഹ്‌റൈൻ വ്യവസായികൾ നിക്ഷേപങ്ങൾ നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ബി.സി.സി.ഐയുടെ പങ്ക് വളരെ വിലപ്പെട്ടതാണ്. കഴിഞ്ഞ വർഷം നവംബർ മൂന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ ന്യൂഡൽഹിയിൽ െവച്ച് നടന്ന ഇന്ത്യ ഇന്റർനാഷണൽ ഫുഡ് ഫെയറിൽ ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി (ബി.സി.സി.ഐ) പ്രതിനിധിസംഘം സജീവമായി പങ്കെടുത്തിരുന്നു. ഭക്ഷ്യമേഖലയിൽ ഇന്ത്യയുമായുള്ള വ്യാപാരം വികസിപ്പിക്കാൻ ബി.സി.സി.ഐ ശ്രമം നടത്തിവരികയാണ്. ഇന്ത്യയിൽ നിക്ഷേപ സാധ്യതകളെക്കുറിച്ച് പഠിക്കാൻ ബഹ്‌റൈനിൽ നിന്നുള്ള ഒരു ഉന്നതതലസംഘം ഡൽഹി സന്ദർശിക്കുകയുമുണ്ടായി. നിക്ഷേപ രംഗത്ത് ഇന്ത്യയും ബഹ്‌റൈനും തമ്മിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ബഹ്‌റൈനിൽ നടന്ന
ഇന്ത്യ - −ബഹ്‌റൈൻ ജോയന്റ് കമ്മീഷൻ മീറ്റിങ്ങിലും തീരുമാനിച്ചിരുന്നു. ഇത്തരം നിക്ഷേപക സംഗമങ്ങളിലും ചർച്ചകളിലും ബി.സി.സി.ഐയ്ക്ക് പ്രധാന ചുമതലയാണ് വഹിക്കാനുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ നിന്നുള്ള വോട്ടർമാരായ ബിസിനസ് സംരംഭകർക്കും വലിയ പ്രാധാന്യമാണ് തിരഞ്ഞെടുപ്പിലും തുടർന്നും ലഭിക്കുന്നത്.
രാത്രി 10 മണിക്ക് തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ വോട്ടെണ്ണൽ ആരംഭിക്കും. നാളെ രാവിലെ ഫലം അറിവാകും.