കുവൈത്ത് ചാവേർ ആക്രമണം; ബഹ്റിനിൽ സുരക്ഷ വർദ്ധിപ്പിച്ചു


മനാമ: കുവൈത്തിൽ‍ ഷിയാ പള്ളിയിൽ‍ വെള്ളിയാഴ്ച  പ്രാർ‍ത്ഥനക്കിടെ ചാവേർ‍ ആക്രമണം നടന്ന പശ്ചാത്തലത്തിൽ ബഹ്റിനിൽ സുരക്ഷ വർദ്ധിപ്പിച്ചു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ആഭ്യന്തരമന്ത്രി ഷെയ്ഖ്‌ റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയ്ക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി.

രാജ്യത്തെ ജനങ്ങളുടെയും പള്ളികളുടെയും സുരക്ഷക്കുള്ള എല്ലാവിധ തയ്യാറെടുപ്പുകളും  സ്വീകരിക്കാനാണ് ഉത്തരവ്. രാജ്യത്തെ പള്ളികളിൽ എത്തുന്ന വിശ്വാസികളുടെ സുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകുന്ന നടപടികൾ കൈക്കൊള്ളാൻ പള്ളികളുടെ നിയന്ത്രണമുള്ള ജഫാരി എൻഡോവ്മെന്റ് ഡയറക്ടറേറ്റിനും നിർദ്ദേശമുണ്ട്.

ഇത്തരം ആക്രമ സംഭവങ്ങൾ മേഖലയിലെ ജനങ്ങളെ കൂടുതൽ ശക്തരാക്കുമെന്നും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡമാക്കുമെന്നും ബഹ്റിൻ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആത്മാവും മനുഷത്വവും നശിച്ചവർക്ക് മാത്രമേ നീചമായ പ്രവൃത്തികളിൽ ഏർപ്പെടാൻ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുവൈത്ത് സിറ്റിയ്ക്ക് സമീപത്തെ അൽ‍ സവാബർ‍ പ്രദേശത്തെ അൽ‍ ഇമാം അൽ‍ സാദിഖ് മോസ്‌കിൽ നമസ്കാരത്തിൽ‍ പങ്കുകൊണ്ടിരിക്കെയാണ് കുവൈത്തിനെ നടുക്കിയ സ്ഫോടനമുണ്ടായത്. 25 പേർ‍ കൊല്ലപ്പെട്ടതായും നൂറിലധികം  പേർ‍ക്ക് പരിക്കേൽ‍ക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

 

സൗദി അറേബ്യയിൽ കഴിഞ്ഞ മാസത്തിൽ തുടർച്ചയായ രണ്ടു വെള്ളിയാഴ്ചകളിലായി പള്ളികളിൽ ഭീകരാക്രമണം നടന്ന പാശ്ചാത്തലത്തിൽ ബഹ്റിനിലെ പള്ളികളിലും സുരക്ഷ വർ‍ദ്ധിപ്പിച്ചിരുന്നു. ശക്തമായ കാവൽ സംവിധാനങ്ങളാണ് വെള്ളിയാഴ്ചകളിൽ പള്ളികൾക്ക് സമീപം ഏർപ്പെടുത്തിയിരിക്കുന്നത്. പള്ളികൾക്ക് സമീപം പോലീസ് ചെക്ക് പോയിന്റുകൾ സ്ഥാപിച്ച് പരിശോധനകൾ നടക്കുന്നുണ്ട്. കമ്മ്യൂണിറ്റി പോലീസ് സാന്നിധ്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

You might also like

Most Viewed