ഐ.സി.ആർ.എഫ് 123-ാമത് മെഡിക്കൽ ക്യാന്പ് നാളെ

മനാമ : ഐ.സി.ആർ.എഫിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നാളെ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു. ടൂബ്ലിയിലെ ഷട്ട്ഡൗൺ മെയ്ന്റനൻസ് കന്പനിയിലെ തൊഴിലാളികൾക്ക് വേണ്ടി രാവിലെ 9 മണി മുതൽ 12 മണി വരെയാണ് മെഡിക്കൽ ക്യാന്പ്് സംഘടിപ്പിക്കുന്നത്. ഐ.സി.ആർ.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന നൂറ്റി ഇരുപത്തി മൂന്നാമത് മെഡിക്കൽ ക്യാന്പാണിത്. ഏകദേശം മൂന്നൂറോളം തൊഴിലാളികളാണ് കന്പനിയിലുള്ളത്.
സൗജന്യ ആരോഗ്യ പരിശോധന, ആരോഗ്യത്തെ കുറിച്ചുള്ള ബോധവൽകരണം, ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പരിപാടികളും മെഡിക്കൽ ക്യാന്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അത്യാവശ്യ തുടർചികിത്സ വേണ്ടവർക്ക് തുടർന്ന് വേണ്ട മെഡിക്കൽ സഹായങ്ങളും നൽകുമെന്ന് ഐ.സി.ആർ.എഫ് അംഗം പങ്കജ് നല്ലൂർ പറഞ്ഞു. വിവിധ ആശുപത്രികളിൽ നിന്നുള്ള സീനിയർ ഡോക്ടർമാരും പാര മെഡിക്കൽ ജീവനക്കാരും ക്യാന്പിൽ സംബന്ധിക്കും. 2002 മുതൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ വിവിധ ലേബർ ക്യാന്പുകളെ കേന്ദ്രീകരിച്ച് ഐ.സി.ആർ.എഫ് മെഡിക്കൽ ചെക്കപ്പുകൾ നടത്തി വരുന്നുണ്ട്. ഇസ്മയിൽ യു.വി സ്വാഗതവും പ്രജിത് നന്ദിയും പറഞ്ഞു.