ആറ്റുകാലിന് 10 കോടിയുടെ മാസ്റ്റർ പ്ലാൻ തയ്യാറായി

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ആറ്റുകാൽ ക്ഷേത്രത്തിലും പരിസരത്തുമായി നടപ്പാക്കുന്ന 10 കോടി രൂപയുടെ വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവലോകനയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്ര പരിസരത്ത് 1,250 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ധപം, ആയിരത്തോളം തീർത്ഥാടകർക്ക് വിശ്രമിക്കാവുന്ന വിരി പന്തൽ എന്നിവയടക്കമുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. ക്ഷേത്ര ട്രസ്റ്റിന്റെ അധീനതയിലുള്ള ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ട്രസ്റ്റിന്റെ എൻ.ഒ.സി ലഭ്യമാക്കുന്നതിന് അനുസരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാനുള്ള നിർദ്ദേശം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥലം പ്രത്യേകം ഏറ്റെടുക്കാതെ തന്നെ മാസ്റ്റർ പ്ലാൻ നടപ്പാക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി. ആധുനിക രീതിയിലുള്ള അടുക്കളയും അന്നദാനമണ്ധപ കോംപ്ലക്സിലുണ്ടാകും. അന്നദാന മണ്ധപം വിവിധകാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമ്മിക്കുക. മൂന്ന് പാലങ്ങൾ കിള്ളിയാറിന് കുറുകെ നിർമ്മിക്കും. അത്യാധുനിക രീതിയിലുള്ള സ്റ്റീൽ പാലങ്ങളാണ് നിർമ്മിക്കുക. 6 മീറ്റർ വീതിയിലുള്ള നടപ്പാതയും നിർമ്മിക്കുന്നുണ്ട്. പൊങ്കാല അടക്കമുള്ള തിരക്കുകളിൽ അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ അതിവേഗം ഒഴിപ്പിക്കാവുന്ന തരത്തിലാകും വലിയ നടപ്പാതകൾ ഒരുക്കുക.