മയക്കുമരുന്ന് വിൽപ്പനക്ക് ശ്രമിച്ചയാൾക്ക് അഞ്ച് വർഷം തടവ്

മനാമ : മയക്കുമരുന്ന് വിൽപ്പനക്ക് ശ്രമിച്ച ബഹ്‌റൈൻ സ്വദേശിക്ക് ഫസ്‌റ്റ് ഹൈ ക്രിമിനൽ കോടതി അഞ്ചു വർഷം തടവും 500 ബഹ്‌റൈൻ ദിനാർ പിഴയും ശിക്ഷ വിധിച്ചു. 280 ബഹ്‌റൈൻ ദിനാർ വിലവരുന്ന മെതാംഫിറ്റമിൻ(ഷാബു) സമീപവാസിക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്.
അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതിയുടെ കയ്യിൽനിന്നും ഹാഷിഷും കണ്ടെത്തിയതായി കേസിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ, മയക്കുമരുന്നും മറ്റും അളക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണവും പ്രതിയുടെ അപ്പാർട്ട്മെന്റിൽ നിന്നും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ, പ്രതിക്ക് മറ്റൊരു വ്യക്തിയാണ് മയക്കുമരുന്ന് നൽകിയതെന്ന് വ്യക്തമായി. മയക്കുമരുന്ന് കൈമാറിയ ആളെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽനിന്നും മൂന്ന് പാക്കറ്റ് ഷാബുവും മയക്കുമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണവും ഹാഷിഷും പിടിച്ചെടുത്തു.
മയക്കുമരുന്ന് ഇടപാടുകൾ നടത്തിയെന്നതാണ് ആദ്യപ്രതിക്കെതിരെയുള്ള കുറ്റം. രണ്ടാമത്തെ പ്രതിക്കെതിരെയും ഇതേ ആരോപണങ്ങൾ ചുമത്തുകയും ഒരു വർഷത്തെ തടവുശിക്ഷയും 500 ബഹ്‌റൈൻ ദിനാർ പിഴയും വിധിച്ചു. റെയ്ഡിൽ അറസ്റ്റിലായ മറ്റ് രണ്ട് പ്രതികൾക്കു ഒരു വർഷം വീതം തടവ് വിധിച്ചിട്ടുണ്ട്.