ഷുഹൈബിന്റെ കുടുംബത്തെ കോൺഗ്രസ് ഏറ്റെടുക്കും : ചെന്നിത്തല

മട്ടന്നൂർ : കൊല്ലപ്പെട്ട ഷുഹൈബിന്‍റെ കുടുംബത്തെ കോൺഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടിന്റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞാണ് ഷുഹൈബിന്റെ ബാപ്പ മുഹമ്മദ് തന്നോട് പറഞ്ഞതെന്നും ചായകുടിച്ചു കൊണ്ടിരിക്കെ ഷുഹൈബിനെ 37 വെട്ട് വെട്ടി സിപിഎം ക്രിമിനലുകൾ ഇല്ലാതാക്കിയ ദുരന്തഭൂമിയും ഞങ്ങൾ സന്ദർശിച്ചു. കോൺഗ്രസിന്റെ ആയിരം കൈകൾ ഇനി ഷുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കേണ്ട പോലീസിന്റെ കൈകൾ കെട്ടിയിട്ട നിലയിലാണെന്ന് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി.ഷുഹൈബിന്റെ എടയന്നൂരിലെ വീട് സന്ദർശിച്ചശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റെ രക്തദാഹത്തിന് അറുതി വന്നിട്ടില്ലെന്നതിന് തെളിവാണ് ഷുഹൈബിന്റെ കൊലപാതകമെന്ന് രമേശ് ചെന്നിത്തല. പരോളില്‍ ഇറങ്ങിയ പ്രതികളാണ് കൊലപാതകം നടത്തിയത്. ഭരണവും പോലീസും ഉണ്ടെന്നതിന്‍റെ അഹങ്കാരമാണ് സിപിഎമ്മിനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേ സമയം ഷുഹൈബിന് ജീവന് നേരത്തെ ഭീഷണി ഉണ്ടായിരുന്നതായി പിതാവ് മുഹമ്മദ്. ജയിലില്‍ വെച്ചും സുഹൈബിനെ ഒരു സംഘം ഭീഷണിപ്പെടുത്തി. കൊലപാതകം നടന്ന് ഈ സമയം വരെ പൊലീസ് വീട്ടിലെത്തി മൊഴിയെടുത്തിട്ടില്ലെന്നും മുഹമ്മദ് പറഞ്ഞു. ഷുഹൈബിന്റെ കുടുംബാംഗങ്ങളെ ചെന്നിത്തല ആശ്വസിപ്പിച്ചു. കൊലപാതകം നടന്ന തെരൂരിലെ തട്ടുകട സന്ദർശിച്ച ശേഷം പ്രവർത്തകരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
കെ.സി.വേണുഗോപാൽ എം.പി, എം.കെ.രാഘവൻ എം.പി, വി.ഡി.സതീശൻ എം.എൽ.എ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, സെക്രട്ടറി പി.കെ.ഫിറോസ്, ടി.സിദ്ദിഖ്, ഷാനിമോൾ ഉസ്മാൻ, മലപ്പുറം തുടങ്ങിയവരും ഷുഹൈബിന്റെ വീട് സന്ദർശിച്ചു.