പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം : രണ്ട് പേർക്ക് വധശിക്ഷ
മനാമ : പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിൽ പ്രതികളായ രണ്ട് പേർക്ക് ഹൈ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു.കേസിൽ 19 പേർക്ക് ജീവപര്യന്തം തടവും 17 പേർക്ക് 15 വർഷം തടവും 9 പേർക്ക് 10 വർഷം തടവും 11 പേർക്ക് 5 വർഷം തടവും വിധിച്ച കോടതി രണ്ട് പേരെ വെറുതെവിട്ടു. 48 പേരുടെ പൗരത്വവും കോടതി റദ്ദാക്കി.ഭീകര സംഘത്തോടോപ്പം പ്രവർത്തിച്ച 60 പ്രതികളെ വിചാരണ ചെയ്തു. ഭീകരപ്രവർത്തനങ്ങൾക്കായി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പരിശീലനം നേടിയവരാണ് പ്രതികൾ.
ഭീകര പ്രവർത്തനങ്ങൾക്കായി പ്രതികൾ സ്‌ഫോടകവസ്തുക്കളും തോക്കുകളും വെടിക്കോപ്പുകളും ഇറക്കുമതി ചെയ്തിരുന്നു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) രേഖകൾ അനുസരിച്ച്, 2017 ജനുവരി 1 മുതൽ, ജയിലിൽനിന്നും പുനരധിവാസകേന്ദ്രത്തിൽ നിന്നും പത്ത് പ്രതികൾ രക്ഷപ്പെട്ടിരുന്നു. ജയിൽ വാർഡനായിരുന്ന ഒരു പോലീസുകാരൻ അന്ന് കൊല്ലപ്പെടുകയും ചെയ്തു.
ഇറാനിൽ നിന്നും ഇറാഖിൽ നിന്നുമുള്ള 12 പേരും ഒരു ജർമ്മൻ സ്വദേശിയും 10 അഭയാർത്ഥികളും, ബഹ്‌റൈൻ സ്വദേശികളായ 40 പേരും ഉൾപ്പെടുന്നതാണ് തീവ്രവാദ സംഘടനയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പൊതുജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷയ്ക്ക് കോട്ടം വരുത്തുക, ദേശീയ ഐക്യം നശിപ്പിക്കുക, ചുമതലകൾ നിർവ്വഹിക്കുന്നതിൽനിന്ന് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് സംഘടനയ്ക്ക് ഉണ്ടായിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.