സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാർശ മടക്കിയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : സുപ്രീം കോടതി ജഡ്ജിമാരായി ജസ്റ്റീസ് കെ.എം. ജോസഫ്, മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്ര എന്നിവരെ നിയമിക്കാനുള്ള കൊളീജിയം ശിപാർശ കേന്ദ്ര സർക്കാർ മടക്കിയെന്നു റിപ്പോർട്ട്. നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയയ്ക്കുന്നതിന് പകരം നിയമ മന്ത്രാലയം കൊളീജിയത്തിന്‍റെ ശുപാർശ തിരിച്ചയച്ചതായാണു സൂചന. ഇതു സംബന്ധിച്ച് ഒൗദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. ഉത്തരാഖണ്ധിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ തീരുമാനം റദ്ദാക്കിയ ബെഞ്ചിന്‍റെ അധ്യക്ഷനായിരുന്നു മലയാളിയായ കെ.എം. ജോസഫ്. ഈ തീരുമാനത്തോടുള്ള കേന്ദ്ര സർക്കാരിന്‍റെ അതൃപ്തിയാണ് കൊളീജിയം ശുപാർശ തിരിച്ചയച്ചതിനു പിന്നിലെന്നാണു സൂചന.
ഉത്തരാഖണ്ധിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ വിധി റദ്ദാക്കിയതിനെ തുടർന്ന് കെ.എം. ജോസഫിനെ ആന്ധ്രപ്രദേശ് ആന്‍റ് തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. ജനുവരി 11നാണ് രാജ്യത്തെ പരമോന്നത കോടതിയുടെ ജഡ്ജിമാരായി ഇരുവരുടേയും പേര് കൊളീജിയം ശുപാർശ ചെയ്തത്. കഴിഞ്ഞ 30 വർഷമായി സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഇന്ദു മൽഹോത്ര രാജ്യത്തെ ശ്രദ്ധേയരായ അഭിഭാഷകരിലൊരാളാണ്.