ബഹ്റൈൻ വിപണിയിൽ സൗദി മലയാളികൾ ചുവടുറപ്പിക്കുന്നു
മനാമ: സൗദി അറേബ്യയിൽ നടന്നുവരുന്ന തൊഴിൽ സാന്പത്തിക പരിഷ്കരണങ്ങളുടെ ഫലമായി ബഹ്‌റൈനിലെ പല ബിസിനസ് സംരംഭങ്ങളിലും നിക്ഷേപങ്ങൾക്ക് തയ്യാറായി സൗദി മലയാളികൾ രംഗത്തെത്തുന്നു. അടുത്ത കാലത്തായി ബഹ്‌റൈനിലാരംഭിച്ച പല സംരംഭങ്ങളും സൗദി മലയാളികളുടെ പിന്തുണയോടെയാണ് ആരംഭിച്ചിരിക്കുന്നത്. റെസ്റ്റോറന്റ്, മൊബൈൽ വിപണിയിലാണ് സൗദിയിൽ നിന്നുള്ള മലയാളി സംരംഭകർ ചുവടുറപ്പിക്കുന്നത്. ഇത് കൂടാതെ ജ്വല്ലറി, േസ്റ്റഷനറി മേഖലകളിലും സൗദി മലയാളികൾ നിക്ഷേപത്തിന് തയ്യാറായി വരുന്നുണ്ടെന്നാണ് ഈ മേഖലയിൽ നിന്നുള്ളവർ പറയുന്നത്.
സൗദി അറേബ്യയുടെ തൊഴിൽ വിപണിയുടെ ചരിത്രത്തിൽ തന്നെ നിർണ്‍ണായകമായ വഴിത്തിരിവായ നിതാഖത് പരിധി അവസാനിക്കുകയും പരിശോധന കർശ്ശനമാവുകയും ചെയ്ത സാഹചര്യത്തിൽ വർഷങ്ങളായി സൗദിയിൽ നിലനിന്നിരുന്ന തൊഴിൽ സംസ്‌കാരം അപ്പാടെ മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അവിടെ ബിസിനസ് ആരംഭിച്ച പലരുടെയും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്ന അവസ്ഥ സംജാതമായതോടെയാണ് അവർക്ക് ഏറ്റവും പരിചിതമായ രാജ്യം എന്ന നിലയിൽ ബഹ്റൈനിലേയ്ക്കുള്ള പറിച്ചുനടൽ പലരും ആരംഭിച്ചത്. തൊഴിൽ നിയമങ്ങൾ സൗദി ശക്തമാക്കിയതാണ് ഇവിടെയുള്ള പ്രവാസികൾക്ക് തിരിച്ചടി ആയത്. ഇതോടൊപ്പം ഫ്രീ വിസയിലെത്തി എന്തു ജോലിയും ചെയ്യുന്ന പതിവ് പരിപാടി അവിടെ പൂർണ്ണമായും അവസാനിക്കുകയും ചെയ്തു. അതോടെ തൊഴിലാളികൾക്ക് മാത്രമല്ല, സംരംഭകർക്കും അവിടെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ വന്നു. പണം കൈയ്യിലുണ്ടായിട്ടും സ്ഥാപനങ്ങൾ തുടങ്ങാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
മലയാളികളെപ്പോലെ സാങ്കേതിക മികവും അറിവും ഉള്ള സ്വദേശികളെ െവച്ച് ഒരു സംരംഭവും മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് ഇവിടെ നിന്നുള്ള പല സംരംഭകരും പറയുന്നത്. സർക്കാറിന് കീഴിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന അംഗീകൃത കന്പനികൾക്ക് സൗദി ഗവൺമെന്റ് തന്നെ അംഗീകാരം നൽകിയ സാഹചര്യവും നിലനിൽക്കുന്നു. ഇതോടെ കേരളത്തിൽ നിന്നടക്കം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്ന കന്പനികളും ഇല്ലാതായി. ഒപ്പം മൊബൈൽ കടകൾ പോലെ സാങ്കേതിക വിദഗ്ദ്ധരുടെ സാമീപ്യം അത്യാവശ്യമായ സ്ഥാപനങ്ങളിൽ ആളുകളെ കിട്ടാതെയുമായി.
നാട്ടിലേയ്ക്ക് മടങ്ങിയാൽ എന്ത് ചെയ്യുമെന്നുള്ള ചോദ്യമാണ് പല സൗദി ബിസിനസുകാരെയും ബഹ്‌റൈൻ വിപണിയിലേയ്ക്ക് നയിക്കുന്നത്. ബഹ്‌റൈനിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ കുറേകൂടി എളുപ്പവും സുതാര്യവുമാണെന്നും സൗദി മലയാളികൾ പറയുന്നു. എല്ലാ മേഖലയിലും തൊഴിലാളികളെ ലഭിക്കാൻ പ്രയാസമില്ലെന്നും ബഹ്‌റൈനിൽ ഇപ്പോൾ ഫ്ളക്സി പെർമിറ്റ് അടക്കമുള്ള നിയമങ്ങൾ തങ്ങൾക്ക് സംരംഭങ്ങൾക്ക് അനുകൂല സാഹചര്യമാണെന്നും സൗദി ബിസിനസുകാർ വിലയിരുത്തുന്നു.
അതേസമയം മുൻപ് സൗദിയിൽ നിന്നുള്ളത്രയും സന്ദർശകർ ഇപ്പോൾ ബഹ്റൈനിൽ എത്തുന്നില്ലെന്നാണ് ബഹ്‌റൈനിലെ കച്ചവടക്കാർ പറയുന്നത്. പ്രത്യേകിച്ച് റെസ്റ്റോറന്റ്, ഹോട്ടൽ മേഖലയിൽ സൗദിയിൽ നിന്നുള്ള ആളുകളുടെ വരവ് കുറഞ്ഞതായിട്ടാണ് റിപ്പോർട്ട്. മുൻപ് സൗദി മലയാളികളുടെ ബിസിനസിനെ ആശ്രയിച്ചായിരുന്നു ഫസ്റ്റ് ക്ലാസ് റെസ്റ്റോറന്റുകൾ കൂടുതലും നില നിന്നിരുന്നത്. വാരാന്ത്യങ്ങൾ ആഘോഷമാക്കാൻ എത്തിയിരുന്ന മലയാളികൾ ബഹ്‌റൈൻ വിപണിയെ വളരെ നല്ല രീതിയിൽ സജീവമാക്കിയിരുന്നു. അതിൽ വലിയൊരു ഇടിച്ചൽ ഉണ്ടായിട്ടുണ്ട്. ദിനംപ്രതി മുളച്ചു പൊങ്ങുന്ന പുതിയ റെസ്റ്റോറന്റുകളുടെ എണ്ണം കൂടിയപ്പോൾ ഉപഭോക്താക്കൾ പലയിടത്തേയ്ക്കുമായി വീതിക്കപ്പെട്ടതും ബിസിനസ് കുറയാൻ കാരണമായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

