ബഹ്‌റൈനിൽ തൊടുപുഴ സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
മുഹറഖ് : മുഹറഖിലെ ഡെൽമണ്ട് ബേക്കറി ജീവനക്കാരനായ ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശി രാജേഷ് ജോസഫിനെ (43) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ജോലി കഴിഞ്ഞെത്തിയ രാജേഷിന്റെ സുഹൃത്തുക്കളാണ് താമസിക്കുന്ന സ്ഥലത്തെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ രാജേഷിനെ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും, പോലീസ് വന്ന് മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റുകയും ചെയ്തു. സാന്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നുണ്ട്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ഇരുപത്തി അഞ്ച് വർഷമായി ബഹ്‌റൈൻ പ്രവാസിയാണ് രാജേഷ് ജോസഫ്. ഭാര്യ: ജിഷ, മക്കൾ: ആൻ മരിയ, ജിയോ.

