കാ­സർ­ഗോ­ഡ് ലോ­റി­ ഓട്ടോ­യി­ലി­ടി­ച്ച് അമ്മയും മകളും മരി­ച്ചു­


കാസർഗോഡ് : പൊയിനാച്ചിയിൽ നിയന്ത്രണം വിട്ട ലോറി ഒാട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. ചട്ടഞ്ചാൽ മണ്ധലിപ്പാറയിലെ ശോഭ(36), മകൾ വിസ്മയ(13) എന്നിവരാണ് മരിച്ചത്. ശോഭയുടെ ഭർത്താവ് രാജൻ(45), ഓട്ടോ ഡ്രൈവർ കനിയംകുണ്ടിലെ അബ്ദുൽഖാദർ(40) എന്നിവർക്ക് പരിക്കേറ്റു.  ഇന്ന് പുലർച്ചെ 3.50ന് പെട്രോൾ ബങ്കിനും പൊയിനാച്ചി ടൗണിനും ഇടയിലെ വളവിലാണ് അപകടം നടന്നത്. 

ശോഭയുടെ മൂത്ത മകൾ മായയും ഭർത്താവും പുല്ലൂരിലാണ് താമസം. ഇവരുടെ കുഞ്ഞിന് ഇന്ന് പറശ്ശിനിക്കടവിൽ ചോറൂണ് നൽകാൻ തീരുമാനിച്ചിരുന്നു. പുല്ലൂരിൽ നിന്ന് ഒന്നിച്ച് യാത്ര പുറപ്പെടാനിരുന്നതാണ്. പുല്ലൂരിലേക്ക് അബ്ദുൽ ഖാദറിന്റെ ഓട്ടോ റിക്ഷയിൽ രാജനും ശോഭയും മകൾ വിസ്മയേയും കൂട്ടി പോകുന്പോഴാണ് അപകടം നടന്നത്. ചരക്ക് ലോറി ഡ്രൈവർ ഉറങ്ങിപ്പോയതായാണ് സംശയിക്കുന്നത്. 

റോഡിൽ നിന്ന് ഗതിമാറി ഓടിയ ചരക്ക് ലോറി ആദ്യം ഓട്ടോയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡിന് താഴെയുള്ള കളിസ്ഥലത്തേക്ക് മറിഞ്ഞു. ഡ്രൈവർ അബ്ദുൽഖാദറും രാജനും റോഡിൽ തെറിച്ചുവീണു. ശോഭയും മകളും പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഓട്ടോയ്ക്ക് മുകളിൽ നിയന്ത്രണം വിട്ട അതേ ചരക്ക് ലോറി മറിഞ്ഞത്. 

ഓട്ടോയ്ക്കകത്ത് കുടുങ്ങിയ ഇരുവരും ദാരുണമായി മരിച്ചു. വിവരമറിഞ്ഞ് പൊയിനാച്ചിയിൽ ഉണ്ടായിരുന്ന പോലീസ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഉടനെത്തി രക്ഷാപ്രവർത്തനം തുടങ്ങി. ഫയർഫോഴ്‌സിനെയും വിളിച്ചു. പരിക്കേറ്റ രാജനെയും അബ്ദുൽ ഖാദറിനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് ക്രെയിനുകൾ കൊണ്ടുവന്ന് അഗ്നിശമന സേനയും പോലീസും ചേർന്ന് ചരക്ക് ലോറി പൊക്കിമാറ്റിയാണ് ശോഭയേയും വിസ്മയേയും പുറത്തെടുത്തത്. 

മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.  ശോഭ−-രാജൻ ദന്പതികൾക്ക് വിസ്മയയെയും മായയേയും കൂടാതെ മനുരാജ് എന്ന മകനുമുണ്ട്. മരിച്ച വിസ്മയ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed