സ്വകാര്യവിദ്യാലയങ്ങൾ അമിത ഫീസ് വാങ്ങരുതെന്ന് മുന്നറിയിപ്പ്
മനാമ: രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചതിൽ നിന്ന് അമിതമായി ഫീസ് ഈടാക്കുന്ന തരത്തിൽ പരാതി ലഭിച്ചാൽ കർശ്ശനമായ നടപടി സ്വീകരിക്കുമെന്ന് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനം ആരംഭിക്കാനിരിക്കെയാണ് ഈ ഉത്തരവ് പുറത്ത് വന്നിട്ടുള്ളത്. സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്ന ക്വാളിറ്റി അഷ്വറൻസ് അതോറിറ്റി ഫോർ എജ്യുക്കേഷണൽ ആന്റ് ട്രെയിനിങ്ങ് വിഭാഗത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഫീസ് വർദ്ധനവ് അനുവദിക്കുകയുള്ളൂ. നിലവിലുള്ളതിനെക്കാൾ അഞ്ച് ശതമാനത്തിൽ കൂടുതൽ ഫീസ് വർദ്ധിപ്പിക്കണമെങ്കിൽ ഭൂരിഭാഗം രക്ഷിതാക്കളുടെ സമ്മതവും ആവശ്യമാണ്.
പല സ്കൂളുകളിലും എൽ.കെ.ജി ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലേയ്ക്ക് ഓൺലൈൻ അഡ്മിഷൻ ഇപ്പോൾ തുടങ്ങി കഴിഞ്ഞു. നാല് വയസ് കഴിഞ്ഞ കുട്ടികളാണ് സാധാരണ എൽ.കെ.ജി പ്രവേശനം തേടുന്നത്. മിക്ക സ്കൂളുകളിലും കുരുന്നുകൾക്ക് എഴുത്ത് പരീക്ഷയും, ഇന്റർവ്യൂവും ഉണ്ട്. നാടിനെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിന് മാത്രമായി വലിയൊരു തുക മാറ്റിവെയ്ക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ള മാതാപിതാക്കൾക്ക് ഉള്ളത്. ബഹ്റൈനിലെ മാറിയ സാന്പത്തിക സാഹചര്യത്തിൽ വിദ്യാഭ്യാസത്തിനായുള്ള ഫീസിൽ വലിയൊരു വർദ്ധനവ് ഉണ്ടാകില്ലെന്ന് അറിയുന്നത് മാതാപിതാക്കൾക്ക് ആശ്വാസമാകും.
ബഹ്റൈനിൽ ഇന്ത്യക്കാർ പഠിക്കുന്ന വിദ്യാലയങ്ങളിൽ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്നത് ഇന്ത്യൻ സ്കൂൾ തന്നെയാണ്. ഒരു കമ്മ്യൂണിറ്റി സ്കൂൾ എന്ന രീതിയിൽ പ്രവർത്തിക്കുന്നത് കാരണമാണ് ഈഒരു ഫീസ് ഘടനയിൽ പ്രവർത്തിക്കാൻ സാധിക്കുന്നത്. അതേസമയം ഇന്ത്യക്കാർ തന്നെ നടത്തുന്ന മറ്റ് വിദ്യാലയങ്ങളിൽ ഇതിനെക്കാൾ ഉയർന്ന ഫീസ് നിരക്കാണ് ഈടാക്കി വരുന്നത്. മന്ത്രാലയം നിർദ്ദേശിക്കുന്ന എല്ലാ സൗകര്യങ്ങളും, ക്രമീകരണങ്ങളും നടപ്പിൽ വരുത്താൻ ഇത് ആവശ്യമാണെന്നാണ് മറ്റ് സ്കൂൾ അധികൃതരുടെ ഭാഷ്യം. അതേസമയം പല സ്കൂളുകളിലും ഫീസ് വാങ്ങുന്നതിൽ ഒരു ഏകീകരണ സ്വഭാവം ഇല്ല എന്നതും ശ്രദ്ധേയമാണ്. സ്കൂൾ ട്യൂഷൻ ഫീസിന് പുറമേ ഓരോ ദിവസവും പലതരത്തിലുള്ള ചിലവുകൾ സൃഷ്ടിക്കുന്ന സ്വകാര്യവിദ്യാലയങ്ങളും ഉണ്ടെന്ന് രക്ഷിതാക്കൾ പരാതി പറയുന്നു. വിനോദയാത്ര മുതൽ പ്രൊജക്ട് വർക്കുകളും, ആഘോഷപരിപാടികളും ഒക്കെ ഇത്തരം ചിലവുകളിൽ ഉൾപ്പെടും. ഒരു വിദ്യാർത്ഥിയെ ആദ്യമായി ചേർക്കുന്പോൾ ട്യൂഷൻ ഫീസിന് പുറമേ മറ്റിന ഫീസുകൾ കൂടി നൽകേണ്ടതായി വരുന്നുണ്ട്. പുതിയ നികുതികളോടൊപ്പം പെട്രോൾ വില വർദ്ധനയും, പല കന്പനികളിൽ നിലനിൽക്കുന്ന ശന്പള പ്രശ്നങ്ങളും അടക്കം ജീവിത ചിലവ് കൂടുന്ന അവസ്ഥയിൽ വരാനിരിക്കുന്ന സ്കൂൾ പ്രവേശനകാലവും തങ്ങളുടെ നടുവൊടിക്കുമോയെന്നാണ് ഇപ്പോൾ മധ്യവർഗ്ഗ കുടുംബങ്ങളുടെ ആശങ്ക.

