ഭൂമിക പുസ്തക ചർച്ച സംഘടിപ്പിച്ചു

മനാമ : അറബ് സംസ്‌കൃതിയെ ആഴത്തിൽ പരിചയപ്പെടുത്തുന്ന മുസഫർ അഹമ്മദിന്റെ മൂന്ന് പുസ്തകങ്ങളെ കുറിച്ച് പ്രവാസി സാംസ്‌കാരിക കൂട്ടായ്മ ഭൂമിക ചർച്ച സംഘടിപ്പിച്ചു. കെ.സി.എ ഹാളിൽ നടന്ന ചർച്ചയിൽ മരുമരങ്ങൾ, അറബ് സംസ്‌കൃതി −വാക്കുകൾ വേദനകൾ, മരിച്ചവരുടെ നോട്ടുപുസ്തകം എന്നീ മൂന്ന് കൃതികളെയാണ് ഉൾപ്പെടുത്തിയത്.
അറബ് സംസ്ക്കാരത്തെ കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള തന്റെ അന്വേഷണങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് മുസഫർ പറഞ്ഞു. എല്ലാത്തരം വിജ്ഞാനത്തിന്റെയും പ്രമുഖ കേന്ദ്രമായിരുന്ന അറബ് ലോകത്തിന്റെ ആധുനിക സാമൂഹിക ജീവിതം അന്വേഷിക്കുന്ന യാത്രകളാണ് മുസഫറിന്റെതെന്ന് അധ്യക്ഷൻ ഇ.എ സലിം അഭിപ്രായപ്പെട്ടു. പ്രകൃതി നൽകുന്ന നനവുകളും ജീവിതവും കണ്ടെത്തുന്ന പുസ്തകമാണ് മരുമരങ്ങൾ. അതേസമയം അഭിമുഖങ്ങളിലൂടെയും വ്യക്തിപരിചയങ്ങളിലൂടെയും അറബ് സംസ്കാരത്തെ തൊട്ടറിയുന്ന അറബ് സംസ്‌കൃതി −വാക്കുകൾ എന്ന കൃതിയും, മരണത്തിന്റെ കവിത കണ്ടെത്തുന്ന മരിച്ചവരുടെ നോട്ടുപുസ്തകവും ഭാഷകൊണ്ടും, ആഖ്യാനം കൊണ്ടും മികച്ചതാണെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. ചടങ്ങിൽ സുജേഷ് സ്വാഗതവും, നജ്‌ജുമുദ്ദിൻ നന്ദിയും പറഞ്ഞു.