കേരളീയ സമാജം ബഹ്റൈൻ ദേശീയ ദിനാഘോഷം ഡിസംബർ 16ന്
മനാമ : ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയ ദിനാഘോഷ പരിപാടികൾ, ഡിസംബർ 16 (ശനിയാഴ്ച) വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. രാജ്യത്തോടും ഭരണാധികാരികളോടും ഉള്ള ഇന്ത്യൻ സമൂഹത്തിന്റെ പ്രത്യേകിച്ച് കേരളീയരുടെ നന്ദിയും കടപ്പാടും അറിയിക്കാനാണ് ഇത്തരത്തിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് എന്ന് ബി.കെ.എസ് പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വീരമണി എൻ.കെ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
മൂന്ന് വലിയ പോർട്രെയിറ്റുകൾ ആണ് ഈ വർഷത്തെ പ്രോഗ്രാമിന്റെ പ്രധാന ആകർഷണം, 40 അടി നീളവും 24 അടി വീതിയുമുള്ള, ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, ക്രൗൺ പ്രിൻസ് ആന്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ വലിയ പോർട്രെയിറ്റുകൾ ആണ് സമാജം കലാകാരന്മാർ നിർമ്മിക്കുക.
46ാമത് ദേശീയ ദിവസം അടയാളപ്പെടുത്തുന്നതിന്, 46 ആർട്ടിസ്റ്റുകൾ ഈ പദ്ധതിയെ നയിക്കും. കൊളാഷ് ആർട്ടിന്റെ ഒരു സൃഷ്ടിയാണിത്. 46 ക്യാപ്റ്റൻമാരിൽ ഓരോരുത്തർക്കും നൽകിയിട്ടുള്ള വിവിധ പ്ലൈവുഡ് കഷ്ണങ്ങളിൽ ഇത് രൂപകൽപ്പന ചെയ്ത് സൃഷ്ടി പൂർത്തിയാക്കുക. പ്രഭാതത്തിൽ ആരംഭിക്കുന്ന ജോലി ആറ് മുതൽ ഏഴ് മണിക്കൂർ വരെ നീണ്ട് നിൽക്കും. ഒടുവിൽ എല്ലാം ഒരുമിച്ച് സമാജം ഗേറ്റിന് മുന്നിലുള്ള ഒരു സ്കഫോൾഡിംഗ് സ്റ്റാൻഡുമായി ബന്ധിപ്പിക്കുകയും ചെയ്യും. സമാജം ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു സൃഷ്ടി ചെയ്യുന്നതെന്നും ലോക ഗിന്നസ് ബുക്ക് റെക്കോർഡിൽ സ്ഥാനം പിടിച്ചുപറ്റാനാണ് സാധ്യത എന്നും സംഘാടകർ അറിയിച്ചു.
കൂടാതെ രാത്രി 7:30ന് സമാജം കലാവിഭാഗം നേതൃത്വം നൽകുന്ന വിവിധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഗിന്നസ് വേൾഡ് റെക്കോഡ് ജേതാവായ കോഡെസ്വാരി കണ്ണൻ അവതരിപ്പിക്കുന്ന ഹുല ഹൂഡ്, ലെഡ്, ഫയർ നൃത്തങ്ങൾ അരങ്ങേറും. സമാജം അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കുന്ന നൃത്ത പരിപാടികളും ഹാസ്യ പരിപാടികളും ചടങ്ങിന് കൊഴുപ്പേകും.
എല്ലാവരെയും സമാജത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വാമദേവനുമായി (39441016.) ബന്ധപ്പെടുക.

