ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ ദിനാഘോഷം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യാതിഥി
മനാമ : ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹ്‌റൈൻ ദേശീയ ദിനാഘോഷ പരിപാടിയിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി മുഖ്യാതിഥിയായി പങ്കെടുക്കും. ഡിസംബർ 21ന് വൈകീട്ട് ഏഴ് മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിലാണ് ആഘോഷ പരിപാടികൾ നടക്കുകയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം ബഹ്‌റൈനിലെത്തുന്ന ഉമ്മൻ ചാണ്ടി ബഹ്‌റൈൻ അധികൃതരുമായുള്ള കൂടിക്കാഴ്ചയിലും വിവിധ സംഘടനകൾ ഒരുക്കുന്ന പരിപാടികളിലും സംബന്ധിക്കും. പതിനായിരങ്ങളുടെ കണ്ണീരൊപ്പിയ ജനസന്പർക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സഭയുടെ ആദരം ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണ് അദ്ദേഹം അവസാനമായി ബഹ്‌റൈനിൽ എത്തിയത്. അദ്ദേഹത്തിന്റെ നാലാമത് ബഹ്‌റൈൻ സന്ദർശനമാണിത്.
വിപുലമായ പരിപാടികളോടെയാണ് ഒ.ഐ.സി.സി ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. നിരവധി സ്വദേശി പ്രമുഖരടക്കം ബഹ്റൈനിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും. ബഹ്‌റൈൻ കേരളീയ സമാജം കേരളത്തിൽ നിർധനരായവർക്ക് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുമായി ചേർന്ന് ഒ.ഐ.സി.സി നിർമ്മിക്കുന്ന വീടിന്റെ പ്രഖ്യാപനം ഈ വേദിയിൽ അദ്ദേഹം നിർവ്വഹിക്കും. തുടർന്ന് ‘താങ്ക്‌സ് ബഹ്‌റൈൻ’ എന്ന പേരിൽ സംഗീത വിരുന്നും അരങ്ങേറും. പ്രശസ്ത പിന്നണി ഗായൻ നിരഞ്ജ് സുരേഷ്, നേഹ വേണുഗോപാൽ എന്നിവരാണ് സംഗീത വിരുന്നിന് നേതൃത്വം നൽകുന്നത്. സന്ദർശന പരിപാടിയുടെ ഭാഗമായി ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ഓഫീസ് സഗയ്യയിൽ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. 20ന് അർദ്‍ധരാത്രിയോടെ ഭാര്യ മറിയാമ്മ ഉമ്മനൊപ്പം എത്തുന്ന അദ്ദേഹത്തിന് എയർ പോർട്ടിൽ ഊഷ്മളമായി വരവേൽപ്പ് നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ നാഷണൽ പ്രസിഡണ്ട് ബിനു കുന്നന്താനം, ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, നാഷണൽ ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാപ്പിൽ, ഗഫൂർ ഉണ്ണികുളം, യൂത്ത് വിംഗ് പ്രസിഡണ്ട് ഇബ്രാഹിം അദ്ഹം, നാഷണൽ സെക്രട്ടറി ജവാദ് വക്കം, മനു മാത്യു, ലിജോ പുതുപ്പള്ളി എന്നിവർ പങ്കെടുത്തു.

