സമാജം ഭരണസമിതിക്കെതിരെ നിയമ നടപടിക്ക് നീങ്ങുമെന്ന് പ്രതിപക്ഷം
മനാമ : ബഹ്റൈൻ കേരളീയ സമാജം മുൻ വൈസ് പ്രസിഡണ്ട് എം.എം മാത്യു, മുൻ അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് ബാബു എന്നിവരെ പ്രതികാര നടപടിയായി കുറ്റക്കാർ എന്ന് മുദ്രകുത്തി സസ്പെൻഡ് ചെയ്തിരിക്കുന്നത് അപഹാസ്യമാണെന്ന് സമാജം പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.
ഇപ്പോഴത്തെ ഭരണപക്ഷ അനുകൂലിയായ പ്രദീപ് പത്തേരി⊇ മുൻപ്രസിഡണ്ട് ജനാർദ്ദനനെ കൈയ്യേറ്റം ചെയ്യുന്നത് തടയുകയാണ് ഇവർ ചെയ്തതെന്നും വളരെ സമാധാനപരമായി നടന്ന മധുരവിതരണത്തിന് ശേഷം, സമാജത്തിൽ നടന്നുകൊണ്ടിരുന്ന ഒരു സംഗീത പരിപാടിയുടെ വാർത്താശേഖരണത്തിനായെത്തിയ ഒരു റിപോർട്ടറെ തടഞ്ഞുകൊണ്ട്, ആ റിപോർട്ടറെ ലഡു വിതരണവുമായി ബന്ധപ്പെടുത്തി സംഘർഷാവസ്ഥ സംജാതമാക്കിയത് സമാജം സെക്രട്ടറിയും അദ്ദേഹത്തിന്റെ പിണിയാളുകളുമാണെന്നും അവർ ആരോപിച്ചു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലയിൽ പ്രവർത്തിക്കുന്ന സമാജം ഭരണസമിതിയെ നിയമപരമായി നേരിടും. ഇത്തരം അധമ നീക്കങ്ങൾ ജനാധിപത്യവിരുദ്ധവും സമാജം പോലുള്ള സാംസ്കാരിക കേന്ദ്രങ്ങളിൽ തീർത്തും അപലപനീയവുമാണെന്നും അവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

