ഇടപ്പാളയം കൂട്ടായ്മ രൂപീകരിച്ചു
മനാമ : എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്തുകളിലെ പ്രവാസികളുടെ ജാതി മത രാഷ്ട്രീയ ചേരിതിരിവില്ലാതെയുള്ള ആഗോള കൂട്ടായ്മയായുടെ ബഹ്റൈൻ ഘടകത്തിന്റെ രൂപീകരണം കഴിഞ്ഞ ദിവസം ആന്തലസ് ഗാർഡനിൽ െവച്ച് നടന്നു. പ്രവാസികളുടെ ഉന്നമനമാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
കൂടാതെ പ്രദേശത്തെ പ്രവാസികളുടെ വൈവിധ്യമാർന്ന കഴിവുകൾ കലാ, സാംസ്കാരിക, സാഹിത്യ, കായിക, വിദ്യാഭ്യാസ മറ്റുള്ളവ −കണ്ടെത്തലും അംഗീകരിക്കലും, സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ ഏജൻസികളുടെ പ്രവാസികൾക്കുള്ള ആനുകൂല്യങ്ങളും പദ്ധതികളും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പ്രവാസികളുടെ വ്യക്തിത്വ വികാസത്തിനും തൊഴിലന്വേഷണത്തിനും വേണ്ടിയുള്ള മാർഗ്ഗദർശനവും വിഷയാധിഷ്ഠിത പഠന ക്ലാസുകളും സംഘടിപ്പിക്കൽ, പ്രവാസികളുടെ സാന്പത്തിക അച്ചടക്കം ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗ ദർശനങ്ങൾ നൽകലും സാമൂഹിക കടപ്പാടുകൾ വികസിപ്പിച്ചെടുക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളും തുടങ്ങി പ്രവാസി സംബന്ധമായ വിഷയങ്ങളിലൊക്കെ ഇടപ്പാളയം ഇടപെടുന്നതാണ്.
അബുദാബിയിലാണ് ഈ ആഗോള കൂട്ടായ്മയ്ക്ക് ആരംഭം കുറിച്ചത്. ഇതിന് ശേഷം ഖത്തറിലും ഇടപ്പാളയം രൂപീകരിച്ചു. ഖത്തറിൽ അംഗങ്ങളുടെ ആശ്രിതർക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത് കൂടാതെ, അംഗങ്ങളിൽ ആവശ്യമുള്ളവർക്കായി സഹായനിധിയും നിലവിലുണ്ട്, പുതുതായി ജോലി അന്വേഷിച്ചു വരുന്നവർക്ക് സഹായം, അംഗങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാന്പ് തുടങ്ങി പ്രവാസികളുടെ ഏകോപനത്തിൽ പ്രവാസികൾക്കായി ഒട്ടേറെ പദ്ധതികൾക്ക് വേണ്ടി ഈ കൂട്ടായ്മ നിലകൊള്ളുമെന്ന് ഭാരവാഹികൾ പറഞ്ഞു.

