അമേരിക്കയുടെ തീരുമാനം സമാധാനത്തിനെതിരെയുള്ള വെല്ലുവിളി: ബഹ്‌റൈൻ വിദേശകാര്യമന്ത്രി

മനാമ: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ കണക്കാക്കുന്നത് മേഖലയിൽ കൂടുതൽ അസ്ഥിരത വരുത്തുമെന്നും സമാധാനത്തിന്റെ പ്രതീക്ഷകൾ തകരുകയാണെന്നും വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. കിഴക്കൻ ജറുസലേം ഇസ്രായേൽ അധിനിവേശത്തിൽ നിന്ന് മുക്തമാക്കുകയാണ് രണ്ട് സംസ്ഥാനങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരമെന്നും മനാമ ഡയലോഗിന്റെ രണ്ടാം ദിവസം പ്ലീനറി സെഷനിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞു.
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ കണക്കാക്കുകയെന്ന യു.എസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം, ഇസ്രയേൽ അനധികൃതമായി പിടിച്ചെടുത്ത പ്രദേശങ്ങളിൽ തങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന പലസ്തീൻ ജനതയ്ക്ക് വലിയ പ്രഹരമാകുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പ്രദേശത്തെ സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടി അമേരിക്കയുടെ ഉദ്ദേശ്യങ്ങളെ ഞങ്ങൾ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പഴയ അവകാശവാദങ്ങൾ നടത്തുന്നത് തുടർന്നാൽ ഇവിടെ ഒരിക്കലും സമാധാനം കൈവരിക്കാനാവില്ല, ഇന്നത്തെ നമ്മുടെ മേഖലയിലെ അസ്ഥിരതയുടെ ഒരു പ്രധാന ഉറവിടം അതിർത്തി തർക്കങ്ങളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.