ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ് : യു.പി.എ പ്രകടനപത്രിക പുറത്തിറക്കി
മനാമ : ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പിൽ യു.പി.എ പ്രകടനപത്രിക പുറത്തിറക്കി. സ്കൂളിലെ മുഴുവൻ രക്ഷിതാക്കളെയും പരിഗണിക്കുന്ന അവരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള ഒരു ഭരണ രീതിയായിരിക്കും യു.പി.എ കൈക്കൊള്ളുക എന്ന് യു.പി.എ പ്രകടന പത്രികയുടെ പ്രകാശനചടങ്ങിൽ ചെയർമാൻ സ്ഥാനാർത്ഥി ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കി ധാർമ്മികതയിൽ ഊന്നിയ വിദ്യാഭ്യാസമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ചെയർമാൻ മത്സരിക്കുന്ന പാനൽ ജനാധിപത്യപരമായ തിരഞ്ഞെടുപ്പിന്റെ മുഴുവൻ മര്യാദകളും ലംഘിച്ചുകൊണ്ട് അധ്യാപകർക്കും മറ്റു ജീവനക്കാർക്കും രക്ഷിതാക്കൾക്കും വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയാണ്. അധ്യാപകരുടെ ശന്പള പുനർനിർണ്ണയത്തെ പറ്റി ചർച്ച ചെയ്യുവാൻ കഴിഞ്ഞ ദിവസം അധ്യാപകരുടെ മീറ്റിംഗ് വിളിച്ചുവെന്നും, അധികാരത്തിലിരുന്ന മൂന്ന് വർഷം ഏതാനും ചിലരെ ഒഴിച്ച് ഭൂരിഭാഗം പേരെയും അവഗണിക്കുന്ന രീതി സ്വീകരിക്കുകയും, രണ്ട് വർഷം അവർക്ക് ലഭിക്കേണ്ട ശന്പള വർദ്ധനവ് തടഞ്ഞുവെച്ചവർ തന്നെയാണ് ഇപ്പോൾ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി ഇത്തരം രീതികൾ കൈക്കൊള്ളുന്നതെന്നും യു.പി.എ വക്താക്കൾ ആരോപിച്ചു.
സ്കൂളിന്റെ നന്മയോ അതിന്റെ ശോചനീയാവസ്ഥയോ ഒന്നും ഇത്തരക്കാർക്ക് വിഷയം അല്ല. രക്ഷിതാക്കൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെയും സ്കൂളിന് വേണ്ടി ചിലവഴിക്കുവാൻ കൃത്യമായ സമയമുള്ള ഏഴ് രക്ഷിതാക്കളെയാണ് യു.പി.എ നിർത്തിയിരിക്കുന്നത്. അവരെ വലിയ ഭൂരിപക്ഷത്തിൽ രക്ഷിതാക്കൾ തിരഞ്ഞെടുക്കും എന്ന് തന്നെയാണ് തങ്ങളുടെ ഉറച്ച വിശ്വാസമെന്നും യു.പി.എ വക്താവ് പറഞ്ഞു.
യു.പി.എ പ്രകടന പത്രിക: 100 ശതമാനം വിജയത്തോടെ സ്കൂളിന്റെ അക്കാദമിക് രംഗം മെച്ചപ്പെടുത്തും. സ്മാർട്ട് ക്ലാസ്സ് റൂം സൗകര്യങ്ങളോടെ ക്ലാസ്സ് റൂം ടീച്ചിംഗ് കൂടുതൽ കാര്യക്ഷമമാക്കും. പഠിക്കുവാൻ പുറകിലായ കുട്ടികളെ സഹായിക്കുന്നതിനായി അക്കാദമിക് വർഷാരംഭം മുതൽ തന്നെ പ്രത്യേക കോച്ചിംഗ് ക്ലാസുകൾ. താഴ്ന്ന വരുമാനക്കാരായ മിടുക്കരായ കുട്ടികൾക്ക് സ്കോളർഷിപ്പ് തരപ്പെടുത്തും. ഹയർ എഡ്യൂക്കേഷൻ നടപ്പിലാക്കുവാൻ ശ്രമിക്കും. കുട്ടികളുടെ സുരക്ഷ, അച്ചടക്കം എന്നിവ സ്കൂളിലും സ്കൂൾ ബസിലും ഉറപ്പാക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് കുട്ടികൾക്ക് പഠന സൗകര്യങ്ങൾ ഏർപ്പെടുത്തും. കുട്ടികൾക്കായി കാര്യക്ഷമവും പ്രാപ്തിയുമുള്ള കൗൺസിലിംഗ് വിഭാഗം. ചെറിയ ക്ലാസുകളിലെ കുട്ടികളുടെ പഠനഭാരവും സ്കൂൾ ബാഗിന്റെ ഭാരവും കുറക്കുവാനുള്ള സത്വര നടപടികൾ. പാഠ്യേതര വിഷയങ്ങളിൽ പ്രൈമറി കുട്ടികൾക്ക് പ്രത്യേക പരിഗണന. രക്ഷിതാക്കൾക്ക് ബന്ധപെടുവാനായി മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കും. ബഹ്റൈന്റെ വിവിധ മേഖലകളിലായി രക്ഷിതാക്കളുമായി സംവദിക്കാൻ ഓപ്പൺ ഹൗസ് നടപ്പിലാക്കും. രക്ഷിതാൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സ്കൂളിന് സാന്പത്തിക ഭദ്രത ഉണ്ടാക്കിയെടുക്കും. കൂടുതൽ കുട്ടികൾക്ക് പഠിക്കുവാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കും. തീർത്തും വൃത്തിസഹജമായ ക്ലാസ് റൂമുകളും ടോയ്ലറ്റ് സൗകര്യങ്ങളും ഉറപ്പാക്കും. സ്കൂൾ കാന്റീൻ ആരോഗ്യകരമായ ഭക്ഷണങ്ങൾ മാത്രം ലഭിക്കുന്ന സ്ഥലമാക്കി മാറ്റും. രക്ഷിതാക്കളെ ഉൾപ്പെടുത്തി കൊണ്ട് വിപുലമായ ട്രാൻസ്പോർട്ട് സബ് കമ്മറ്റികൾക്ക് രൂപം നൽകും. ജീവനക്കാർക്ക് മാനസിക സമ്മർദ്ദം ഒഴിവാക്കി അവരുടെ സമഗ്ര പുരോഗതിക്കായി പ്രയത്നിക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുവാൻ ശ്രമിക്കും. സ്കൂളിന്റെ സാന്പത്തിക സ്ഥിതിയെ പറ്റി ധവള പത്രം പുറത്തിറക്കും.

