പോലീസിൽ നല്ലൊരു ശതമാനവും രാഷ്ട്രീയത്തിന് അതീതരെന്ന് റിട്ട. പോലീസ് സൂപ്രണ്ട്
മനാമ : കേരളാ പോലീസ് പലപ്പോഴും മാറിമാറി വരുന്ന രാഷ്ട്രീയ ഭരണകക്ഷികളുടെ ആഗ്രഹങ്ങൾക്കൊത്ത് പ്രവർത്തിക്കേണ്ടി വരുന്നവർ ആണെങ്കിലും നിക്ഷ്പക്ഷമായി പ്രവർത്തിക്കാൻ ഇഷ്ടപ്പെടുകയും അത്തരത്തിൽ പ്രവർത്തിക്കുയും ചെയ്യുന്ന വലിയൊരു ശതമാനമാണ് കേരളാ പോലീസിന്റെ അഭിമാനമെന്ന് കേരളത്തിലെ മുൻ പോലീസ് സൂപ്രണ്ട് തോമസ് ജോൺ. ഹ്രസ്വ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ അദ്ദേഹം ഫോർ പിഎം ന്യൂസ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു.
മാധ്യമങ്ങൾ പലപ്പോഴും കാര്യങ്ങൾ അറിയാതെ പോലീസിനെ കുറ്റപ്പെടുത്തുന്ന രീതിയാണ് തുടരുന്നത്. പോലീസിന് പലപ്പോഴും എല്ലാം തുറന്നു പറയാൻ കഴിയില്ല. അതുകൊണ്ട് തന്നെ മാധ്യമങ്ങൾ കെട്ടിച്ചമച്ചുണ്ടാക്കുന്ന കഥകൾ ജനങ്ങൾ വിശ്വസിക്കുകയും ചെയ്യും. എന്നാൽ ബാഹ്യശക്തികളുടെ യാതൊരു ഇടപെടലും കൂടാതെ വളരെ സത്യസന്ധമായി കേസ് അന്വേഷിച്ചു പ്രതികളെ കണ്ടെത്തിയ നിരവധി സംഭവങ്ങൾ ഉണ്ടെന്നും ആദ്ദേഹം പറഞ്ഞു.
കേരളത്തിലെ മിക്ക ജില്ലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ടെങ്കിലും കണ്ണൂർ ജില്ലയിലെ പാനൂർ േസ്റ്റഷനിൽ ജോലി ചെയ്ത അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ ജനങ്ങളെ പോലെ നല്ലവരായ ആളുകളെ മറ്റെവിടെയും കണ്ടിട്ടില്ലെന്നും രാഷ്ട്രീയം തലയ്ക്കു പിടിച്ചു കഴിഞ്ഞ ചില പ്രശ്നങ്ങൾ മാത്രമേ അവിടത്തുകാർക്കുള്ളൂ എന്നും പത്തനംതിട്ട സ്വദേശിയായ അദ്ദേഹം പറഞ്ഞു. ആദ്യമായി പാനൂരിൽ ചാർജ്ജെടുക്കാൻ വന്നപ്പോൾ പ്രമാദമായ ജയകൃഷ്ണൻ വധക്കേസ് നടന്നു കഴിഞ്ഞ സമയമായിരുന്നു. അതുകൊണ്ടു തന്നെ നിരവധി റെയ്ഡുകളും മറ്റും നടത്തേണ്ടി വന്നിട്ടുണ്ട്.
ബോംബുകൾ കണ്ടെടുക്കുന്നതും സ്ഫോടനം ഉണ്ടാക്കുന്നതൊക്കെ ഇവിടുത്തുകാർക്കു പുത്തരിയല്ലെന്നുള്ള കാര്യം ആദ്യം അതിശയത്തോടെയായിരുന്നു നോക്കിക്കണ്ടത്. പിന്നീട് അതൊരു ശീലമായി. എന്നാൽ വളരെ നല്ല അനുഭവമായിരുന്നു അവിടെ ജോലി ചെയ്ത ഒന്നരവർഷക്കാലം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കായംകുളം, മാവേലിക്കര ആലപ്പുഴ തുടങ്ങിയ േസ്റ്റഷനുകളിൽ എസ്ഐ ആയും തിരുവല്ല, നോർത്ത് പറവൂർ, ഇരിട്ടി തുടങ്ങിയിടങ്ങളിൽ ഡിവൈഎസ്പി ആയും പ്രവർത്തിച്ചിട്ടുള്ള തോമസ് ജോൺ പത്തനം തിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ആയിട്ടായിരുന്നു സർവ്വീസിൽ നിന്നും വിരമിച്ചത്. രാഷ്ട്രീയത്തിനതീതമായി പല കാര്യങ്ങളും ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിഞ്ഞതാണ് തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായി കരുതുന്നത്.
പോലീസിന് ഒരു നാട്ടിലെ സാമൂഹ്യാന്തരീക്ഷം മികവുറ്റതാക്കുന്നതിൽ പ്രധാന പങ്കു വഹിക്കാൻ കഴിയും. ഇപ്പോൾ പോലീസിനോടുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറിയിട്ടുണ്ട്. അടൂർ ജനമൈത്രി പോലീസിന്റെ ചെയർമാൻ കൂടിയായ തോമസ് ജോൺ നിലവിൽ ഓർത്തോഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റിയിലും പ്രവർത്തിക്കുന്നു.

