വിട്ടൊഴിയാതെ ഹൃദയാഘാതം : പ്രവാസികളെ നടുക്കി മരണ വാർത്തകൾ
മനാമ : പ്രവാസികൾക്കിടയിൽ ഹൃദയാഘാതം മൂലമുള്ളമരണങ്ങൾ ഭീതിയുളവാക്കുന്നു. നവംബർ−, ഡിസംബർമാസങ്ങളിൽ നിരവധി പ്രവാസികളാണ് മരണത്തിനു കീഴടങ്ങിയത്. ഹൃദയാഘാതം മൂലമാണ് കൂടുതലും മരണങ്ങളെങ്കിലും ആത്മഹത്യ, കാൻസർ, വാഹനാപകടങ്ങൾ തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലൂടെ ഈ ആഴ്ച തന്നെ അഞ്ചോളം പ്രവാസികളും മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഒരു ഫസ്റ്റ് ക്ലാസ് റസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂർ സ്വദേശിനി ജിനി ജോസ് എന്ന യുവതിയും മരണത്തിനു കീഴ്പ്പെടുകയുണ്ടായി. ദിവ്യാ ടെക്സ്റ്റയിൽസ് ജീവനക്കാരൻ സിദ്ദിഖ്, ദുബൈ ഗോൾഡ് ജീവനക്കാരൻ ഫാർവീസ്, കൊല്ലം തേവലക്കര ഷാഫി, തുടങ്ങിയവരുമാണ് കഴിഞ്ഞ മാസങ്ങളിൽ മരിച്ചത്. ഇങ്ങനെ പ്രവാസികളെ പേടിപ്പെടുത്തുന്ന തരത്തിലുള്ള മരണ നിരക്കാണ് ബഹ്റൈനിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പൊതുവെ മാനസിക സംഘർഷത്താൽ ജീവിതം മുന്നോട്ടു നയിക്കുന്ന പ്രവാസികൾക്കിടയിൽ ഹൃദയാഘാത സാധ്യത കൂടുതലാണെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ഇതുകൂടാതെയാണ് നാട്ടിലേയ്ക്ക് പോയ പ്രവാസികളുടെ മരണങ്ങളും. കഴിഞ്ഞ ദിവസങ്ങളിൽ അടുത്തടുത്ത ദിവസങ്ങളിലെ മരണം പ്രവാസികളെ ആശങ്കയിലാക്കുന്നുണ്ട്.

