പാർക്കിംഗ് മീറ്റർ മെഷീനുകൾ പലതും പ്രവർത്തിക്കുന്നില്ല : വാഹനം നിർത്തിയിട്ടവർക്ക് പിഴയും
മനാമ : മനാമയിലെ പേ & പാർക്കിംഗ് സംവിധാനത്തിന് വേണ്ടി സ്ഥാപിച്ച മീറ്ററുകൾ പലതും കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് പാരാതി. മനാമയിൽ സ്ഥാപിച്ചിട്ടുള്ള മെഷീനുകൾ പലതും പ്രവർത്തിക്കാത്തത് മൂലം പണം നിക്ഷേപിക്കാതെ വാഹനം നിർത്തിയിട്ട പലർക്കും ഉദ്യോഗസ്ഥർ പിഴയും ചുമത്തി.
അടുത്തടുത്ത അവധി ദിവസങ്ങളിൽ മെഷീനിൽ പണം നിറയുന്പോൾ യഥാ സമയം എടുക്കാത്തതിനാലാണ് മെഷീനിൽ പണം നിക്ഷേപിക്കാൻ കഴിയാത്തതെന്ന് വാഹന ഉടമകൾ പറയുന്നു. ഇക്കാര്യം ട്രാഫിക് പോലീസിനോട് ചൂണ്ടിക്കാണിച്ചപ്പോൾ അത് തങ്ങൾക്കറിയേണ്ട കാര്യമില്ലെന്നും പ്രവർത്തിക്കുന്ന മറ്റേതെങ്കിലും മെഷീനിൽ പണം നിക്ഷേപിച്ചു പാർക്ക് ചെയ്യണമെന്നാണ് അവർ പറയുന്നത്. നബിദിനത്തോടനുബന്ധിച്ച് വാരാന്ത്യവും കൂടി വന്നപ്പോൾ ഗുദൈബിയ, മനാമ ഗോൾഡ് സിറ്റി എന്നിവയ്ക്ക് സമീപം സ്ഥാപിച്ച പല മെഷീനുകളിലും പണം നിറഞ്ഞതിനാൽ അവ പ്രവർത്തിക്കാതായിരുന്നു.

