സംവരണം : ഭൂമിക സെമിനാർ സംഘടിപ്പിച്ചു
മനാമ : ‘സംവരണത്തിലെ നൈതികതയും ഇന്ത്യൻ സാമൂഹ്യ വിന്യാസവും’ എന്ന വിഷയത്തിൽ ഭൂമിക ബഹ്റൈൻ സംഘടിപ്പിച്ച സെമിനാറിൽ സ്വാതി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. മാനവിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ധാർമ്മിക യുക്തിയനുസരിച്ചും സാമൂഹ്യശാസ്ത്രയുക്തിയനുസരിച്ചും ഭരണഘടനായുക്തിയനുസരിച്ചും ജാതിസംവരണം നൈതികമാണെന്നും അത് തുടരേണ്ടതാണെന്നും പ്രഭാഷകൻ വിലയിരുത്തി. ഇന്ത്യൻ സാമൂഹ്യ വിന്യാസത്തെക്കുറിച്ചുള്ള വിവിധ സ്ഥിതിവിവരക്കണക്കുകളനുസരിച്ച് രാജ്യത്തെ പൊതുമേഖലയിലുള്ള നാമമാത്രമായ സംഘടിത തൊഴിൽ മേഖലയിലും ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രമുഖസ്ഥാപനങ്ങളിലും മഹാഭൂരിപക്ഷവും സവർണ്ണവിഭാഗമായിരിക്കെ സംവരണം അവരുടെ അവസരങ്ങൾ കവർന്നെടുക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നതല്ല എന്നുമാത്രമല്ല മണ്ധൽ−-ആഗോളവൽക്കരണാനന്തര കാലത്ത് സവർണ്ണവിഭാഗങ്ങൾക്ക് വിദ്യാഭ്യാസരംഗത്ത് മുൻകാലങ്ങളെ അപേക്ഷിച്ച് വർദ്ധിച്ച പ്രാതിനിധ്യമാണുണ്ടായതെന്നും തന്റെ പ്രഭാഷണത്തിൽ അദ്ദേഹം ചൂണ്ടികാട്ടി.
നൂറ്റാണ്ടുകളുടെ അടിച്ചമർത്തൽ നേരിട്ട ഒരു വിഭാഗത്തിന് നീതി കൊടുക്കുവാനും സമതുലിതമായ സ്റ്റാർട്ടിംഗ് പോയിന്റുകൾ നൽകാനുമുള്ള ഉപാധി എന്ന നിലയ്ക്ക് ജാതി സംവരണം ആവശ്യമായുള്ളതാണെന്ന് സെമിനാറിൽ അധ്യക്ഷനായി സംസാരിച്ച ഇ.എ സലിം അഭിപ്രായപ്പെട്ടു. പാരന്പര്യമായി അറിവും അർത്ഥവും ആർജ്ജിതരായ ഒരു സമൂഹത്തെയും അവ നിരാകരിക്കപ്പെട്ട ഒരു സമൂഹത്തെയും ഒരേ അളവുകോലുകൾ കൊണ്ട് അളക്കുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള ക്ഷേമ രാഷ്ട്രപദ്ധതികൾ ഉൾപ്പടെയുള്ള ഉത്തരവാദത്തിൽ നിന്ന് ഒഴിഞ്ഞുകൊണ്ടിരിക്കുന്ന ഭരണകൂടം അതേസമയം തന്നെ ജാതി സംവരണം എന്ന സാമൂഹോദ്ധാരണപദ്ധതിക്ക് തുരങ്കം വെയ്ക്കുന്നത് രണ്ട് വശം മൂർച്ചയുള്ള വഞ്ചനയുടെ വാളാണെന്ന് അനിൽ വെങ്കോട് അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചയിൽ വത്സരാജ്, ജിനോസ്, വിജു കൃഷ്ണൻ, അനു ബി. കുറുപ്പ്, പങ്കജ്നാഭൻ, ഐ.വി കൃഷ്ണൻ, രഞ്ജൻ ജോസഫ്, ഹരി കുത്തേഴൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ഭൂമികയുടെ സ്ഥാപകാംഗമായ സുധീഷ് രാഘവന് യാത്രാമംഗളങ്ങളും പരിപാടിയിൽ നേർന്നു. ഫിറോസ് തിരുവത്ര നന്ദി അറിയിച്ചു.


