നി­രോ­ധി­ത വസ്തു­ക്കൾ കൊ­ണ്ടു­വന്നു­ : ബഹ്‌റൈ­നി­ലെ­ത്തി­യ മലയാ­ളി­ അറസ്റ്റിൽ


സ്വീകരിക്കാനെത്തിയ ഡ്രൈവറും പിടിയിൽ‍

മനാമ : നിരോധിത സാധനങ്ങൾ ബഹ്റൈനിലേയ്ക്ക് കൊണ്ട് വന്നുവെന്ന കുറ്റത്തിന് ആദ്യമായി ബഹ്റൈനിലെത്തിയ പത്തനംതിട്ട സ്വദേശിയും കാര്യമറിയാതെ വിമാനത്താവളത്തിൽ ഇദ്ദേഹത്തെ സ്വീകരിക്കാൻ ചെന്ന മറ്റൊരു മലയാളിയും പോലീസ് കസ്റ്റഡയിലായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബഹ്റൈൻ‍ വിമാനത്താവളത്തിൽ വെച്ച് ഇരുവരെയും അറസ്റ്റ് ചെയ്തത്. ബഹ്‌റൈനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന പയ്യോളി സ്വദേശി മുസ്തഫ അദ്ദേഹത്തിന്റെ സുഹൃത്തും ഇപ്പോൾ നാട്ടിൽ അവധിക്ക് പോയിട്ടുള്ള കാസർഗോഡ് സ്വദേശിയുമായ അലി ആവശ്യപ്പെട്ടത് പ്രകാരമാണ് അദ്ദേഹത്തിന്റെ സുഹൃത്തിനെ സ്വീകരിക്കാൻ‍ വിമാനത്താവളത്തിൽ ചെന്നത്. 

പത്തനംതിട്ട സ്വദേശിയായ തന്റെ ഒരു സുഹൃത്ത് ബഹ്‌റൈനിൽ ജോലിക്ക് വരുന്നുണ്ടെന്നും അദ്ദേഹത്തെ ജുഫൈറിലെ ഒരു അപ്പാർട്ട്മെന്റിൽ കൊണ്ട് വിടണമെന്നുമായിരുന്നു അലി പറഞ്ഞത്. ഇത് പ്രകാരം വിമാനത്താവളത്തിൽ പോയ മുസ്തഫ നാട്ടിൽ നിന്നും എത്തിയ അതിഥിയെ കാണാത്തതിനാൽ മടങ്ങിവന്ന് ആളിനെ കണ്ടില്ലെന്ന വിവരം അലിയെ വിളിച്ചു പറഞ്ഞു. എന്നാൽ അദ്ദേഹം വിമാനത്താവളത്തിൽ ഉണ്ടെന്നും ഉടനെ തന്നെ പുറത്തിറങ്ങുമെന്നും അലി പറഞ്ഞത് പ്രകാരം വീണ്ടും എയർപോർട്ടിൽ മടങ്ങി എത്തിയ മുസ്തഫയെ എതിരേറ്റത് പോലീസ് ആയിരുന്നു. വിമാനമിറങ്ങിയ സുഹൃത്തിനെ ചോദ്യം ചെയ്ത പോലീസ് തുടർ‍ അന്വേഷണത്തിനായി മുസ്തഫയെ കൂടി പിടികൂടുകയായിരുന്നു. ബഹ്റൈനിൽ‍ വന്നയാളെ ഇതുവരെ കണ്ടിട്ടുപോലും ഇല്ലാത്ത മുസ്തഫയെ നാട്ടിലുള്ള സുഹൃത്ത് ചതിച്ചതാകാനാണ് സാധ്യതയെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ‍ ആരോപിക്കുന്നു. 

ഇപ്പോൾ അസ്രി ജയിലിൽ കഴിയുന്ന മുസ്തഫ തന്റെ നിരപരാധിത്വം എങ്ങിനെ തെളിയിക്കുമെന്നറിയാതെ ആശങ്കയിലാണുള്ളത്. അലിയുടെ നാട്ടിലെ ഫോൺ നന്പർ‍ അടക്കമുള്ള മൊബൈൽ ഫോൺ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉള്ളതിനാൽ ബന്ധുക്കൾക്കും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നില്ല. അപരിചിതർ നൽകുന്ന വസ്തുക്കൾ വാങ്ങിക്കുകയും അധികൃതരുടെ കൈയിൽ അകപ്പെടുകയും ചെയ്യുന്ന നിരവധി കേസുകൾ ആണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പിടിക്കപ്പെട്ടവർ നിരപരാധികൾ ആണെങ്കിൽ അത് തെളിയിക്കാനും അവരെ മോചിപ്പിക്കാനും ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരും മുന്നിട്ടിറങ്ങിയിട്ടുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed