ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിൽ ‘ഐ.പി.എൽ’ പാനൽ രംഗത്ത്
മനാമ : ഡിസംബർ എട്ടിന് നടക്കാനിരിക്കുന്ന ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പി.പി.എ, യു.പി.എ, യു.പി.പി, വി.ഒ.പി തുടങ്ങിയ പാനലുകൾ കൂടാതെ ഐ.പി.എൽ എന്ന ഒരു പാനൽ കൂടി മത്സര രംഗത്തേയ്ക്കെത്തി. ഇന്ത്യൻ പേരന്റ്സ് ലോയൽ (ഐ.പി.എൽ) എന്ന് നാമകരണം ചെയ്തിരിക്കുന്ന പാനലിൽ തമിഴ് നാട്ടുകാരായ രക്ഷിതാക്കൾക്കാണ് മുൻഗണന നൽകിയിട്ടുള്ളത്.
ഡോ. കാർത്തികേയൻ, അനിതാ അളഗസ്വാമി, മോഹൻ, നിഷാ ഷാജഹാൻ, അളഗപ്പൻ, ജ്യോതികല, പളനിച്ചാമി എന്നിവരാണ് ഇവരുടെ സാരഥികൾ എന്ന് ഫേസ്ബുക്കിലൂടെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വോയിസ് ഓഫ് പോരൻസിനോടൊപ്പം ഉണ്ടായിരുന്ന ഈ ടീം അവരുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ തലേദിവസമുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുന്നണി വിടുകയായിരുന്നുവെന്ന് വി.ഒ.പി കൺവീനർ പറഞ്ഞു. ഇതോടെ അഞ്ച് പാനലുകളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്.
എന്നാൽ എത്രപേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ടെന്നുള്ള കാര്യം നാളെ വൈകീട്ട് ആറ് മണിയോടെ മാത്രമേ രക്ഷിതാക്കൾക്ക് അറിയാൻ കഴിയുകയുള്ളൂ.


