കെ­.സി­.എ ടാ­ലന്റ് സ്കാൻ ജനു­വരി­ അഞ്ച് മു­തൽ


മനാമ : കേരളാ കാത്തലിക് അസോസിയേഷൻ വർഷം തോറും സംഘടിപ്പിക്കുന്ന ടാലന്റ് സ്കാൻ ജനുവരി അഞ്ച് മുതൽ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എല്ലാ ഇന്ത്യക്കാർക്കും മത്സരിക്കാവുന്ന പ്രവാസികളുടെ ഏറ്റവും വലിയ കലോത്സവമാണ് ഇതെന്നും തുടർച്ചയായ പതിനാറാമത്തെ വർഷമാണ് ഇത് സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.

ഓരോ വർഷവും ഈ പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യു.എ.ഇ എക്സ്ചേഞ്ച് ആണ് പരിപാടിയുടെ പ്രധാന പ്രായോജകർ. വൈകുന്നേരങ്ങളിൽ നടത്തുന്ന മത്സര പരിപാടികൾ പ്രവാസികളുടെ ശൈത്യകാല അവധി കഴിഞ്ഞു ആരംഭിക്കുന്നത് കൊണ്ട് തന്നെ കുട്ടികൾക്ക് പരിശീലനം നടത്തുന്നതിനുള്ള ഇടവേള കൂടി ലഭിക്കുമെന്നുള്ളത് മത്സരത്തിന്റെ നിലവാരം വർധിപ്പിക്കും. ഏകദേശം ഒരു മാസം നീണ്ട് നിൽക്കുന്ന മത്സര പരിപാടികളിൽ 500ഓളം വിദ്യാർഥികൾ മാറ്റുരയ്ക്കുമെന്നാണ് കരുതുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. 

സംഗീതം, നൃത്തം, ചിത്രകലാ, സാഹിത്യം തുടങ്ങി വിഭാഗങ്ങളിലായി 39ഓളം ഇനങ്ങളാണ് ടാലന്റ് സ്കാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രായം അനുസരിച്ച് വിഭജിക്കപ്പെട്ടിട്ടുള്ള ഓരോ മത്സര ഇനങ്ങളും കൂടി 104ഓളം ഈവന്റുകൾ ആണ് ഉണ്ടാവുക. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്‍തമായി ഇത്തവണ മാപ്പിളപ്പാട്ട് കൂടി മത്സര ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ ഒന്ന് മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. അവസാന തീയ്യതി ഡിസംബർ 14ലാണ്. ഡിസംബർ 22ന് മത്സരാർഥികളുടെ പട്ടിക കെ.സി.എ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. ഡിസംബർ 29ന് മത്സര പരിപാടികളുടെ ഫൈനൽ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. വിജയികളാകുന്നവർക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിക്കുന്നത് കൂടാതെ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്നവർക്ക് കലാതിലകം, കലാപ്രതിഭ, ഗ്രൂപ്പ് ചാന്പ്യൻ, കലാരത്ന, സാഹിത്യ രത്ന, സംഗീതരത്ന തുടങ്ങിയ പദവികളും നൽകും. 

വാർത്താ സമ്മേളനത്തിൽ കെ.സി.എ പ്രസിഡണ്ട് കെ.പി ജോസ്, ജനറൽ സെക്രട്ടറി വിജു കല്ലറ, ജനറൽ കൺവീനർ ജോസ് ഫ്രാൻസിസ്, യു.എ.ഇ എക്സ്ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ വിനീഷ് കുമാർ എന്നിവർ സംബന്ധിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed