ലാ­ളി­ച്ചു­ വളർ­ത്തി­യ തെ­ങ്ങി­നെ­ ഉപേ­ക്ഷി­ക്കാൻ നി­ർ­ബന്ധി­തരാ­യി­ മലയാ­ളി­ കു­ടുംബം


മനാമ : മക്കളെ പോലെ തന്നെ ലാളിച്ചു വളർത്തി വലുതാക്കിയ കേരവൃക്ഷത്തെ ഉപേക്ഷിച്ചു മറ്റൊരിടത്തേയ്ക്ക് താമസം മാറാൻ നിർബന്ധിതരായതിലുള്ള പ്രയാസത്തിലാണ് ബഹ്‌റൈനിലെ ഒരു മലയാളി കുടുംബം. സിഞ്ചിലെ ഒയാസിസ് ഗാർഡനിലെ 13ാം നന്പർ വില്ലയിൽ താമസിക്കുന്ന മാവേലിക്കര സ്വദേശി സുനിൽ ടി. ജോർജ്ജും കുടുംബത്തിനുമാണ് തങ്ങളുടെ പ്രിയ വൃക്ഷത്തെ ഇപ്പോൾ ഉപേക്ഷിച്ചു പോകേണ്ടി വന്നിരിക്കുന്നത്. വില്ല പൊളിച്ചു കെട്ടിട ഉടമ കൊമേഴ്ഷ്യൽ സമുച്ചയം പണിയുന്നതിനാൽ നിലവിലെ വില്ല ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടതാണ് തെങ്ങിനെ ഉപേക്ഷിക്കാൻ കാരണമായിരിക്കുന്നത്.

20 വർഷമായി ബഹ്‌റൈനിൽ ജോലി ചെയ്തു വരുന്ന സുനിൽ 2005ൽ ഒരു പച്ചക്കറിക്കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനിടയിലാണ് പകുതി മുളച്ച നിലയിൽ തേങ്ങ കടക്കാരൻ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വെറുതെ ഒരു കൗതുകത്തിന് ആ തേങ്ങ വാങ്ങിയതിന് ശേഷം അടുത്ത ദിവസം വില്ലയിലെ പൂച്ചെടികൾക്കിടയിൽ അത് നടുകയും ചെയ്തു. മറ്റു ചെടികളെ പരിപാലിക്കുന്ന കൂട്ടത്തിൽ ആവശ്യത്തിന് വെള്ളവും നനച്ചുതുടങ്ങിയതോടെ മുളച്ച തേങ്ങ ആരോഗ്യത്തോടെ തെങ്ങിൻ തൈയ്യായി മാറാൻ തുടങ്ങി. തുടർന്ന് സുനിലിന്റെ കുടുംബത്തിലെ ഒരംഗത്തിനെ പോലെ തന്നെ ഈ തെങ്ങിൻ തൈയും മാറുകയായിരുന്നു. കഴിഞ്ഞ വർഷം തെങ്ങ് കായ്ച്ചുവെങ്കിലും വെള്ളയ്ക്ക പുറത്തു വന്നതോടെ കടുത്ത ചൂടിൽ ഉണങ്ങിപ്പോയി. തുടർന്ന് സുനിൽ തെങ്ങിന് ആവശ്യത്തിന് തണലൊരുക്കിയും വേണ്ട ശുശ്രൂഷകളും നൽകി വീണ്ടും കായ്ച്ചു തുടങ്ങുന്പോഴാണ് സ്വദേശിയായ കെട്ടിട ഉടമ വീട് മാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

ചൂടിൽ നിന്ന് സംരക്ഷണം നൽകാൻ തെങ്ങിന്റെ ഓലമടലുകൾ എല്ലാം തടിയിൽ തന്നെ നിലനിർത്തിയാണ് സംരക്ഷിച്ചിട്ടുള്ളത്. പുതിയ താമസ സ്ഥലത്തേയ്‌ക്ക് തെങ്ങ് മണ്ണോടുകൂടി പിഴുതു കൊണ്ടുപോകാനായിരുന്നു പദ്ധതിയെങ്കിലും അവിടെ വില്ലയ്ക്ക് പിറകുവശത്താണ് അൽപ്പം സ്ഥലമുള്ളത്. എന്നാൽ അവിടേയ്ക്കു തെങ്ങ് ക്രെയിൻ ഉപയോഗിച്ച് കൊണ്ടുപോകാൻ കഴിയില്ല. അതോടെ സ്വന്തം മക്കളെപ്പോലെ പോറ്റിയ തെങ്ങിനെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇവർ. കേരളീയ സമാജം പോലുള്ള മലയാളികളുടെ പൊതു ഇടങ്ങളിൽ എവിടെയെങ്കിലും ഈ തെങ്ങ് പറിച്ചു നടുകയാണെങ്കിൽ കേരളത്തിന്റെ അടയാളമായി ഈ കേരവൃക്ഷം തലയുയർത്തി വളരും എന്ന് തന്നെയാണ് സുനിലും കുടുംബവും കരുതുന്നത്. അതിന് തയ്യാറായി ആരെങ്കിലും മുന്നോട്ട് വരികയാണെങ്കിൽ തെങ്ങിനെ നൽകാനും ഇവർ തയ്യാറാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed