സി.പി.എം അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു : എം.ടി രമേഷ്


വി.ആർ സത്യദേവ്

മനാമ : സ്വന്തം അണികൾ പാർട്ടി വിട്ടുപോകാതിരിക്കാനാണ് സി.പി.എം അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് പറഞ്ഞു. ബഹ്റൈനിൽ ത്രിദിന സന്ദർശനത്തിനെത്തിയ വേളയിൽ ഫോർ.പി.എം ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമങ്ങളും കേസുകളുമുണ്ടാകുന്പോൾ സി.പി.എം പ്രവർത്തകർ പാർട്ടിയിൽ തന്നെ നിൽക്കാൻ നിർബന്ധിതരാകും. ജനാധിപത്യപരമായ പ്രവൃത്തികളിലൂടെ ധാരാളം പ്രവർത്തകർ ബി.ജെ.പിയിലേയ്ക്കു വരുന്നുണ്ട്. ആ ഒഴുക്കു തടയാനാണ് സി.പി.എം ശ്രമിക്കുന്നത്.  

നേരത്തേ ശാരീരികമായ പ്രതിരോധമാണ് സി.പി.എം അക്രമങ്ങൾക്കതിരായി കേരളത്തിലുണ്ടായിരുന്നത്. ഇപ്പോൾ അതിൽ നിന്നും മാറി ജനകീയ പ്രതിരോധമുയർത്താനാണ് പാർട്ടി ശ്രമിക്കുന്നത്. ബി.ജെ.പി ഇന്ന് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നാണ്. അടിക്കടി, കൊലയ്ക്കു കൊല എന്ന നിലപാട് പ്രോൽസാഹിപ്പിക്കേണ്ട എന്നതാണ് പാർട്ടി നിലപാട്. അതിന്റെ ഭാഗമായാണ് സി.പി.എമ്മിന്റെ യഥാർത്ഥ മുഖം പുറത്തുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ടു പോകുന്നത്. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കാവലാളുകളാണ് തങ്ങൾ എന്നതാണ് സി.പിഎം ദേശീയതലത്തിൽ മുന്നോട്ടു വെയ്ക്കുന്ന പ്രതിശ്ചായ. എന്നാൽ കേരളത്തിൽ അതെടുക്കുന്നത് ഫാഷിസ്റ്റു നിലപാടും ശൈലിയുമാണ്. 

സർക്കാർഭൂമി തിരിച്ചു പൂർണ്ണമായുംപിടിക്കണമെന്ന് ആവശ്യപ്പെടുന്ന ഏകകക്ഷി ബി.ജെ.പിയാണ്. ഇക്കാര്യത്തിൽ നടപ്പാക്കേണ്ടത് രാജമാണിക്യം കമ്മിറ്റി റിപ്പോർട്ടാണ്. കോടതി പരാമർശങ്ങളുടെ പേരിൽ സർക്കാർ ഇക്കാര്യത്തിൽ ഒളിച്ചുകളി നടത്തുകയാണ്. തണ്ണീർത്തട നിയമം ലംഘിച്ച തോമസ് ചാണ്ടി രണ്ടുവർഷത്തിലേറെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. എന്നാൽ അത്തരക്കാരുടെ നേരേ ചെറുവിരലനക്കാൻ പോലും സർക്കാർ തയ്യാറാവുന്നില്ല. മൂന്നാറിലടക്കം ചെറുകിട കൈയേറ്റക്കാരെ തരംതിരിച്ച് വൻകിട കൈയേറ്റക്കാരുടെ പട്ടിക പ്രസിദ്ധീകരിക്കണം. ഇവർക്കെതിരേ നടപടിയുമുണ്ടാവണം. 

ബി.ജെ.പിയിൽ പടല പിണക്കങ്ങളുണ്ട് എന്നത് കേവലം ആരോപണം മാത്രമാണ്. സമീപകാല തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുണ്ടായ നേട്ടം ഇതിന് ഉദാഹരണമാണ്. 2019ലെ പാർലമെൻ്റ് തെര‌ഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച 16 ശതമാനം വോട്ട് 24, 25 ശതമാനം വരെ ആക്കാനാണ് പാർട്ടിയുടെ ശ്രമം. ക്രിസ്ത്യൻ വിഭാഗമടക്കം ന്യൂനപക്ഷങ്ങളും പാർട്ടിയോടടുക്കുകയാണ്. ഇത് സംസ്ഥാനത്ത് പാർട്ടിക്ക് കൂടുതൽ ഗുണപരമാവുമെന്നും എം.ടി രമേഷ് പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed