അനധികൃത വ്യാപാരകേന്ദ്രങ്ങൾ ഒഴിപ്പിക്കുന്നത് തുടരുന്നു
മനാമ : റോഡരികിൽ നടക്കുന്ന അനധികൃത കച്ചവടക്കാർക്ക് എതിരെയുള്ള നടപടികൾ അധികൃതർ ശക്തമാക്കി. ഇതിന്റെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റിലെ ജനങ്ങൾ താമസിക്കുന്ന ഇടങ്ങളുടെ അരികിൽ നിന്നുള്ള ഉന്തുവണ്ടി കച്ചവടങ്ങൾക്കെതിരെ അധികൃതരുടെ പ്രചരണം ആരംഭിച്ചു.
ഭക്ഷ്യ വിഭവങ്ങൾ കൊണ്ടുനടന്ന് വിൽക്കുന്ന 70 ട്രോളികൾ, പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന 54 കടകൾ എന്നിവ ഇതിന്റെ ഭാഗമായി അധികൃതർ പിടിച്ചെടുത്തു. ആരോഗ്യ മന്ത്രാലയത്തിന്റെയും വ്യവസായ− വാണിജ്യ−-ടൂറിസം വകുപ്പിന്റെയും സുരക്ഷാ മാനദണ്ധങ്ങൾ പാലിക്കാതെ അനധികൃതമായി പാചകം ചെയ്യാൻ ഉപയോഗിച്ച ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. ടൂബ്ലിയിലെ തൊഴിൽ − മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തിന്റെ സ്റ്റോറുകളിലാണ് പിടിച്ചെടുത്ത സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും ചേർന്നാണ് ക്യാന്പയിൻ സംഘടിപ്പിച്ചത്. കച്ചവടക്കാരിൽ വലിയൊരു ശതമാനവും അനധികൃത താമസക്കാരാണ്. മറ്റ് ഗവർണറേറ്റുകളിലും സമാനമായ ക്യാന്പയിനുകൾ നടക്കുന്നുണ്ട്.


