ഇന്ത്യൻ എംബസിയുടെ ക്ലാസിക്കൽ നൃത്ത പരിപാടി ഇന്ന്
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഇന്ത്യൻ ക്ലാസിക്കൽ നൃത്തപരിപാടി സംഘടിപ്പിക്കുന്നു. ഇന്ത്യൻ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ബഹ്‌റൈൻ കൾച്ചറൽ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘ഇന്ത്യൻ ഇൻ ബഹ്‌റൈൻ’ പരിപാടിയുടെ ഭാഗമായി ഇന്ത്യൻ ക്ലാസിക്കൽ നൃത്ത രൂപങ്ങളായ കഥക്, കുച്ചിപ്പുടി എന്നിവ അരങ്ങേറും.
സഞ്ജീവ് കുമാർ അഗ്‌നിഹോത്രി നയിക്കുന്ന നൃത്ത സംഘമാണ് കഥക് അവതരിപ്പിക്കുന്നത്. ദീപ നാരായണൻ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുച്ചിപ്പുടി അവതരിപ്പിക്കുക.
ഭാരതേന്ദു അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ട്‌സിൽ നിന്നും ബിരുദാനന്തര ബിരുദധാരിയായ സഞ്ജീവ് കുമാർ അഗ്‌നിഹോത്രി നിരവധി നാടകങ്ങളും നൃത്ത നാടകങ്ങളും സംവിധാനം ചെയ്യുകയും നിരവധി നാടകങ്ങളിലും ടെലിഫിലിമുകളിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കുച്ചിപ്പുടി ഗുരുവായ മഞ്ജു ബർഗവെയുടെ കീഴിൽ അഭ്യസിച്ച കലാകാരിയാണ് ദീപ നാരായണൻ ശശീന്ദ്രൻ. ഇന്ത്യയിലും വിദേശത്തും ധാരാളം വേദികളിൽ ഇവർ നൃത്ത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.


