പ്രവാസികൾക്ക് ആധാർ വേണ്ടെന്ന് യുഐഡിഎഐ : ഇല്ലാതെ പറ്റില്ലെന്ന് ഉദ്യോഗസ്ഥർ
രാജീവ് വെള്ളിക്കോത്ത്
മനാമ : പ്രവാസികൾക്ക് ആധാർ കാർഡ് നിർബന്ധമില്ലെന്നും പ്രവാസികൾ ആധാറിന് അപേക്ഷിക്കുന്നത് തന്നെ നിയമ വിരുദ്ധമാണെന്നും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കാര്യത്തോടടുക്കുന്പോൾ പ്രവാസികൾക്ക് ആധാർ വേണ്ടി വരുമോ എന്നുള്ള കാര്യം ഇപ്പോഴും പ്രവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. കാരണം ആധാർ കാർഡില്ലാത്ത പ്രവാസികൾക്ക് ഇപ്പോൾ നാട്ടിലെത്തിയാൽ പലതിനും തടസ്സം നേരിടുന്നു. മൊബൈൽ ഫോൺ നന്പറുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെടുന്പോൾ പ്രവാസികൾ നാട്ടിലെത്തിയാൽ മൊബൈൽ ഉപയോഗിക്കുന്നത് എങ്ങിനെയെന്നുള്ള ചോദ്യം ബാക്കിയാവുകയാണ്. രാജ്യത്തെ എല്ലാ മൊബൈൽ ഉപഭോക്താക്കളും തങ്ങളുടെ മൊബൈൽ നന്പറുകൾ ആധാറുമായി ബന്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം.
2018 ഫെബ്രുവരി മാസത്തിനു മുന്പ് ബന്ധിപ്പിച്ചില്ലെങ്കിൽ സേവനം റദ്ദാക്കുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വല്ലപ്പോഴും അവധിക്കു നാട്ടിലെത്തുന്ന പ്രവാസികൾക്ക് അതോടെ ഫോണും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ സംജാതമാകുമെന്നതാണ് പ്രവാസികളെ ആശങ്കപ്പെടുത്തുന്ന പ്രധാന വിഷയം. ഫെബ്രുവരിയിലാണ് മൊബൈൽ ഫോൺ നന്പറുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സുപ്രീംകോടതിപുറത്തിറക്കിയത്. ഒരു വർഷത്തിനകം ആധാർ കാർഡ് സിം കാർഡുമായി ബന്ധിപ്പിക്കാനായിരുന്നു കോടതി നൽകിയ നിർദേശം. രാജ്യസുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു ഉത്തരവ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായത്.
ക്രിമിനലുകൾ, തട്ടിപ്പുകാർ, ഭീകരർ എന്നിവരെ ടെലികോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത് നടപ്പാക്കിലാക്കുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
കേന്ദ്രസർക്കാർ നിർദേശപ്രകാരം ആധാർ കാർഡുമായി മൊബൈൽ നന്പർ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കന്പനികൾ ഇമെയിൽ വഴിയും എസ്എംഎസുകൾ വഴിയും പരസ്യങ്ങൾ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചുകൊണ്ടിരിക്കുകയാണ്. അതുപ്രകാരം ടെലിഫോൺ കന്പനികൾ നടപടി ആരംഭിച്ചാൽ ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾക്ക് നാട്ടിലെത്തിയാൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരിൽ എടുത്താണ് ഇപ്പോൾ തന്നെ പലരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്.
സിം കാർഡുകൾ ആധാറുമായി ബന്ധപ്പെടുത്തണമെന്ന നിബന്ധന കർശനമാക്കിയാൽ ബന്ധുക്കൾ പോലും ഇക്കാര്യത്തിൽ പ്രവാസികളെ കൈയ്യൊഴിഞ്ഞേക്കാം. ആധാർ കാർഡ് മൊബൈൽ നന്പറുമായി ബന്ധിപ്പിക്കുന്നതിന് സിം കാർഡ് ഉടമയുടെ ആധാർ കാർഡ് നന്പർ, കാർഡിന്‍റെ പകർപ്പ് എന്നിവ ആവശ്യമാണ്. ഇതിന് പുറമേ സ്വിച്ച് ഓഫ് ചെയ്യാത്ത സിം കാർഡ്, പ്രോസസ് ചെയ്യുന്ന സമയത്ത് ലഭിക്കുന്ന മൊബൈൽ നന്പർ, ബയോമെട്രിക് വേരിഫിക്കേഷന് വേണ്ടിയുള്ള വിരലടയാളം എന്നിവയാണ് ഇതിനായി ആവശ്യമുള്ള രേഖകൾ. ഒരവധിക്കാലത്തു എത്തുന്ന പ്രവാസികൾക്ക് ഇത്രയും രേഖകൾ സമർപ്പിച്ചു കൊണ്ട് മൊബൈൽ ആധാറുമായി ബന്ധപ്പെടുത്താൻ കഴിയുന്നതെങ്ങനെയെന്നുള്ള ചോദ്യം ബാക്കിയാകുന്നു.
2016ലെ ആധാർ നിയമ പ്രകാരം വിദേശ മലയാളികൾ ആധാറിന് അർഹരല്ലാത്തതിനാൽ പ്രവാസികളോട് തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യപ്പെടരുതെന്ന് സർക്കുലറിൽ പറയുന്നു. എന്നാൽ പ്രവാസികൾക്ക് ആധാർ വേണ്ടെന്നുള്ള കാര്യം പല ഉദ്യോഗസ്ഥരും ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നോ, അല്ലെങ്കിൽ അറിയാത്ത ഭാവം നടിക്കുന്നതാണോ എന്ന് നാട്ടിലെത്തിയ പല പ്രവാസികളും സംശയം പ്രകടിപ്പിക്കുന്നത്. പ്രവാസികൾ ഉള്ള വീടുകളിലെ കൂട്ട് സ്വത്തുക്കൾ പലതും ക്രയ വിക്രയങ്ങൾ നടത്തുന്പോൾ ആധാർ ഇല്ലാത്ത പ്രവാസികൾക്ക് നികുതി അടയ്ക്കാനും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്.
ആധാർ എടുക്കേണ്ടതില്ലെന്ന പ്രവാസികളുടെ അഭിപ്രായത്തിന് മുന്നിൽ ഉദ്യോഗസ്ഥർ പലരും സംശയ ദൃഷ്ടികൾ പായിക്കുന്നു. അതോടൊപ്പം തന്നെ പ്രവാസികളുടെ വീടുകളിലെ നികുതി അടക്കമുള്ളവ മാറ്റിവയ്ക്കപ്പെടുകയും ചെയ്യുന്നുണ്ട്.സാധാരണക്കാരായ പ്രവാസികളുടെ ഈ പ്രശ്നം എത്രയും പെട്ടെന്ന് അധികൃതരുടെ ശ്രദ്ധയിൽ പതിയണമെന്നും പ്രവാസികളുടെ ആധാർ ആശങ്കകൾക്ക് പരിഹാരം ഉണ്ടാകണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.


