ഭീകര പട്ടിക പുതുക്കി
മനാമ : ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ പട്ടികയിൽ സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ രണ്ട് സംഘടനകളെയും 11 പേരെയും കൂടി ഉൾപ്പെടുത്തി പട്ടിക വിപുലീകരിച്ചു. മതത്തെ മറയാക്കി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഇന്റർനാഷണൽ ഇസ്ലാമിക് കൗൺസിൽ 'മസാമ', വേൾഡ് യൂണിയൻ ഓഫ് മുസ്ലിം സ്കോളേഴ്സ് എന്നീ സംഘടനകൾ ചെയ്തിരുന്നതെന്ന് ഇന്നലെ പുറത്ത് വിട്ട ഒരു പ്രസ്താവയിൽ ഈ രാജ്യങ്ങൾ അറിയിച്ചു. ഭീകര പട്ടികയിലെ 11 വ്യക്തികൾ ഖത്തറിന്റെ പിന്തുണയോടെ വിവിധ ഭീകരപ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്ന ആരോപണവും ഇവര് ഉന്നയിച്ചിട്ടുണ്ട്. ഖത്തറിലെ അധികാരികൾ തീവ്രവാദത്തെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും വിദ്വേഷഭാഷണം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ ഇവിടുത്തെ അധികാരികൾ ശക്തമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ഭീകരതയെ നേരിടാനും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്താനുമുള്ള എല്ലാ ശ്രമങ്ങളും ശക്തിപ്പെടുത്തുമെന്ന് നാലു അറബ് രാജ്യങ്ങളും പട്ടിക പുറത്ത് വിട്ടതിനോടൊപ്പം ഉറപ്പ് നൽകി.


