സ്കൂൾ വിദ്യാഭ്യാസത്തിൽ കുട്ടികളെ ചിത്രങ്ങൾ കാണാൻ പഠിപ്പിക്കണം : പി. സുരേന്ദ്രൻ
മനാമ : സ്കൂൾ കരിക്കുലത്തിൽ ചിത്രകലയ്ക്ക് സ്ഥാനം നൽകണമെന്നും കുട്ടികളെ ചിത്രങ്ങൾ കാണാൻ പഠിപ്പിക്കണമെന്നും കലാ വിമർശകനും കഥാകാരനുമായ പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. എയ്‌തെറ്റിക്ക് ഡെസ്ക് സംഘടിപ്പിച്ച പരിപാടിയിൽ ‘ഇന്ത്യൻ ചിത്രകലയുടെ വർത്തമാനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചിത്രകലയെക്കുറിച്ച് ഒരു പുസ്തകം രചിച്ചാൽ കേരളത്തിലെ പുസ്തക കടകളിലിരുന്ന് പൊടിപിടിക്കുന്നതല്ലാതെ ആരും അത് വാങ്ങി വായിക്കില്ല. മികച്ച നിലവാരത്തിലുള്ള ഒരു ചിത്രപ്രദർശനം കേരളത്തിൽ നടന്നാൽ ഒരു ചെറിയ കോളം വാർത്ത പോലും ആകുന്നില്ല. മലയാളി സമൂഹം ചിത്രകലയ്ക്കും ചിത്രകാരന്മാർക്കും നൽകുന്ന സ്ഥാനം വളരെ ചെറുതാണ്. ചിത്രങ്ങൾ കണ്ട് കണ്ട് ശീലിച്ച് വളർന്നുവരേണ്ട ചിത്ര സാക്ഷരത ഇവിടെ തീരെക്കുറവാണ്. വെള്ളാപ്പള്ളി നടേശനെ എല്ലാ മലയാളിക്കും അറിയാം എന്നാൽ ട്രിനാലെ സമ്മാനം നേടിയ ഷിബു നടേശനെന്ന ചിത്രകാരനെ അറിയുന്ന മലയാളികൾ എത്രപേരുണ്ടാകും.
നമ്മുടെ നവോത്ഥാന ചിത്രകലയുടെ അടയാളമായ രവിവർമ്മ പടിഞ്ഞാറൻ ചിത്രകലാ സങ്കേതങ്ങൾ ഉപയോഗിച്ചപ്പോൾ കൊടുങ്ങല്ലൂർ മാധവ മേനോൻ കിഴക്കിന്റെ സങ്കേതങ്ങൾ ഉപയോഗിച്ച് കേരളത്തിന്റെ മൺസൂണും മുളങ്കാടുകളും വരച്ചു. പക്ഷെ മാധവ മേനോൻ ചിത്രകലയിൽ ചെയ്ത സംഭാവനകളുടെ വില നമ്മൾ തിരിച്ചറിഞ്ഞത് വളരെക്കഴിഞ്ഞാണ്. ശാന്തി നികേതൻ ദേശീയതയുടെ മണമുള്ള ചിത്രബോധം ഇന്ത്യൻ ചിത്രകലയ്ക്ക് നൽകി. തെക്ക് ചെന്നെ കേന്ദ്രമാക്കി കെ.സി.എസ് പണിക്കരുടെ നേതൃത്വത്തിൽ താന്ത്രിക്ക് ആർട്ടിലും കളങ്ങളിലും ജാതക പനയോലകളിലും തങ്ങളുടെ സ്വത്വത്തിന്റെ ചിത്രഭാഷ അന്വേഷിക്കുകയായിരുന്നു.
ഈ പാരന്പ്യര്യത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബറോഡ സ്കൂൾ മറ്റൊരു ചിത്രബോധം വളർത്തിക്കൊണ്ട് വന്നു. ഇന്ന് ഗ്ലോബൈലൈസേഷന്റെ സൗകര്യങ്ങൾ കൂടി ഉപയോഗിക്കുന്നത് കൊണ്ട് ഏതെങ്കിലും ഒരു സ്കൂളിന്റെ രീതിയിൽ ഒതുങ്ങി നിൽക്കുന്നില്ല പുതിയ ചിത്രകാരന്മാർ. ചിത്രങ്ങളെ ആശയങ്ങളായി മാത്രം കാണാതെ ചിത്ര ഭാഷകളെക്കൂടെ പരിഗണിക്കണമെന്നും ചിത്രഭാഷയിൽ മഹാവിപ്ലവം സൃഷ്ടിച്ച പാബ്ലോ പിക്കാസോയുടെ ചിത്രങ്ങൾ പോലും നമ്മൾ വെറും ആശയമായി പരിഗണിച്ചതിന്റെ അബദ്ധങ്ങൾ വിട്ടൊഴിഞ്ഞിട്ടില്ലയെന്നും പി. സുരേന്ദ്രൻ ആഭിപ്രായപ്പെട്ടു.
എ. രാമചന്ദ്രന്റെ കല, യൂസിഫ് അറയ്ക്കലിന്റെ ചിത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ എന്നിങ്ങനെ നിരവധി ചിത്രകലാ വിമർശനഗ്രന്ഥങ്ങളുടെ കർത്താവാണ് പി. സുരേന്ദ്രൻ. എയ്‌തെറ്റിക്ക് ഡെസ്ക് പ്രസിഡണ്ട് ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഫിറോസ് തിരുവത്ര സ്വാഗതവും എൻ.പി ബഷീർ നന്ദിയും പറഞ്ഞു.


