പൈപ്പ്‌ലൈൻ സ്‌ഫോടനം : ഗ്രാമവാസികൾക്ക് നഷ്ടപരിഹാരം നൽകും
മനാമ : വെള്ളിയാഴ്ചയുണ്ടായ പൈപ്പ്‌ലൈൻ സ്‌ഫോടനം ഗുരുതരമായി ബാധിച്ച ബൂരി ഗ്രാമവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ആവശ്യപ്പെട്ടു. സുപ്രീം കൗൺസിൽ ഫോർ നാച്വറൽ റിസോഴ്സസ് ആന്റ് ഇക്കണോമിക് സെക്യൂരിറ്റിയുടെ 18ാമത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സുരക്ഷയ്ക്കാണ് രാജ്യം മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയേയും ബഹ്‌റൈനേയും ബന്ധിപ്പിക്കുന്ന ഓയിൽ പൈപ്പ്‌ലൈനിൽ ഉണ്ടായ സ്‌ഫോടനത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, എണ്ണ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ എന്നിവരുടെ നിലപാടുകളും അദ്ദേഹം വിശദീകരിച്ചു. ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കാൻ ഇന്നലെ നോർത്തേൺ ഗവർണറേറ്റും പാർട്ടികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ ദുരന്തബാധിതരുടെ നിലവിലെ അവസ്ഥകളെക്കുറിച്ചുള്ള റിപ്പോർട്ട് അവലോകനം ചെയ്തു. സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ച 19 വീടുകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള പദ്ധതിയും യോഗം തയ്യാറാക്കി.
ലേബർ ആന്റ് സോഷ്യൽ ഡവലപ്മെന്റ് മന്ത്രാലയത്തിന് കീഴിലും സർക്കാർ സ്ഥാപനങ്ങളിലും താമസിച്ചിരുന്നവരെക്കുറിച്ച് ഗവർണറേറ്റ് വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് വടക്കൻ ഗവർണറേറ്റിലെ ഗവർണർ അലി അൽ അസ്‌ഫുർ പറഞ്ഞു. ഗ്രാമവാസികളുടെ ആരോഗ്യത്തിനുമുള്ള ഭീഷണി കണക്കിലെടുത്ത് ഗ്രാമത്തിനടുത്തുള്ള എണ്ണ പൈപ്പ് ലൈനുകൾ മാറ്റണമെന്ന് എം.പി മജീദ് അൽ മജീദ് ആവശ്യപ്പെട്ടു. പൈപ്പ് ലൈനുകൾ മാറ്റുന്ന കാര്യം ഗൗരവമായെടുക്കണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.


