വിഴുപ്പലക്കലിനില്ല : മൂന്ന് സഖ്യങ്ങളുമായി യു.പി.എ സ്ഥാനാർത്ഥി പ്രഖ്യാപനം

മനാമ : ഇന്ത്യൻ സ്‌കൂൾ തിരഞ്ഞെടുപ്പിൽ സ്‌കൂൾ ഭരണ സമിതിയെയോ പ്രവർത്തനങ്ങളെയോ എതിരാളികളെയോ കുറ്റം പറഞ്ഞ് വിഴുപ്പലക്കലിന് തങ്ങളില്ലെന്ന പ്രഖ്യാപനത്തോടെ മൂന്ന് സഖ്യങ്ങളുമായി യു.പി.എ പാനൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും യുണൈറ്റഡ് പാനൽ ഇന്നൊവേറ്റേഴ്സ് ചെയർമാനുമായ പി.വി രാധാകൃഷ്ണ പിള്ളയാണ് പാനലിനെ പരിചയപ്പെടുത്തിയത്. കളങ്കരഹിതരായ ആളുകളെയാണ് തങ്ങൾ രക്ഷിതാക്കളുടെ മുന്നിൽ അവതരിപ്പിക്കുന്നതെന്നും ഒരു വിഴുപ്പലക്കലിനും തങ്ങൾ ഇല്ലെന്നും ഒരു വർഷം കൊണ്ട് സ്‌കൂളിനെ 100 ശതമാനം വിജയത്തിൽ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിസ് കൈതാരത്ത് നേതൃത്വം നൽകുന്നതായിരിക്കും തങ്ങളുടെ പാനൽ. യുണൈറ്റഡ് പാനൽ ഇന്നൊവേറ്റേഴ്സ്, യു.പി.പി. പാരന്റ്സ് വിഭാഗം, ഐ.എസ്.പി.പി ഒരു വിഭാഗവും ചേർന്നാണ് മത്സരിക്കുന്നത്. യുണൈറ്റഡ് പാരന്റ്സ് അലയൻസ് (യു.പി.എ) എന്നാണ് പുതിയ സഖ്യത്തിന്റെ പേര്. നിലവിലെ ഇന്ത്യൻ സ്കൂൾ ഭരണ സമിതിയിൽ വൈസ് ചെയർമാനായ മുഹമ്മദ് ഇക്ബാൽ, അശോക് കുമാർ, റഫീഖ് അബ്ദുള്ള, സുരേഷ് ദേശികൻ, അഡ്വ. ജോയ് വെട്ടിയാടൻ തുടങ്ങിയവരെയും പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ വരും ദിനസങ്ങളിൽ പാനലുമായി കൈകോർക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
അക്കാദമിക് മികവ്, പാഠ്യേതര പ്രവർത്തന മികവ്, സാന്പത്തിക ഭദ്രത, അടിസ്ഥാന സൗകര്യ വികസനം, നിർധനരായ രക്ഷിതാക്കൾക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം, അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാരുെട ക്ഷേമം എന്നിവയാണ് പാനലിന്റെ പ്രധാന മുദ്രാവാക്യങ്ങൾ.
1950ൽ തുടങ്ങിയ ഇന്ത്യൻ സ്കൂൾ ഇന്ന് 12,500ൽപരം കുട്ടികൾ പഠിക്കുന്ന വലിയ സ്ഥാപനമായി മാറിയെന്നും അതിന്റെ മഹിമ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. നേരത്തെ പി.വി രാധാകൃഷ്ണപിള്ള നേതൃത്വം നൽകിയ രണ്ട് കമ്മിറ്റികൾ സ്കൂളിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും സ്കൂളിന് യാതൊരു കോട്ടവും വരാതെ എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ചിട്ടുണ്ട്. ഇൗ ആത്മവിശ്വാസവുമായാണ് രക്ഷിതാക്കളെ സമീപിക്കുന്നതെന്നും അവർ പറഞ്ഞു. ഇന്നലെ സെഗയ റെസ്റ്റോറന്റ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഹമ്മദ് ഇഖ്ബാൽ, ഫ്രാൻസിസ് കൈതാരത്ത്, വർഗീസ് കാരയ്ക്കൽ, റഫീഖ് അബ്ദുള്ള, രാമനുണ്ണി, സ്റ്റാൻലി, പ്രദീപ്, അഡ്വ. ജോയ് വെട്ടിയാടൻ, അശോകൻ, സുരേഷ് ദേശികൻ, ഇ.കെ പ്രദീപൻ തുടങ്ങിയവർ സംബന്ധിച്ചു.
ഇപ്പോഴത്തെ ഭരണസമിതിയുടെ ഏകോപനം പൂർണ്ണമായും നഷ്ടപ്പെടുകയും അത് സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ്, പുതിയ സഖ്യത്തിന്റെ ഭാഗമായതെന്ന് മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. പ്രവർത്തനങ്ങളിലുള്ള പോരായ്മകൾ അതാത് സമയത്ത് കമ്മിറ്റിക്കുള്ളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ അത് പരിഗണിക്കപ്പെട്ടില്ല. അതും സഖ്യം വിടാൻ കാരണമായെന്ന് മുഹമ്മദ് ഇക്ബാൽ പറഞ്ഞു.