ശീതകാലത്തിന്റെ വരവറിയിച്ച് സാക്കീറിൽ ഇനി ടെന്റുകൾ

മനാമ : രാജ്യത്തെ ശീതകാല ടൂറിസത്തിന്റെ ഭാഗമായി സാക്കീറിലെ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തു ഒരുക്കുന്ന ക്യാന്പിങ്ങിന് ഇന്ന് തുടക്കമാകും. മാർച്ച് 5 വരെയുള്ള കാലയളവിലേക്കാണ് ഇത്തവണ ടെന്റുകൾ ഒരുക്കുന്നതെന്ന് സതേൺ ഗവർണറേറ്റ് ഗവർണ്ണർ ഷെയ്ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ അൽ ഖലീഫ അറിയിച്ചു. മുൻ വർഷങ്ങളിൽ ടെന്റ് അനുവദിക്കുന്നതിന് വേണ്ട ഇൻഷൂറൻസ് ഡെപ്പോസിറ്റ് തുകയായ 50 ദിനാർ അടയ്‌ക്കേണ്ടിയിരുന്നത് ഇക്കുറി ഒഴിവാക്കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. കൂടാതെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ സ്ഥലങ്ങളിൽ ടെന്റുകൾ അനുവദിച്ചതായും അധികൃതർ വ്യക്തമാക്കി. പൊതുജങ്ങൾക്കുള്ള ടെന്റ് സൗകര്യങ്ങളും ഇത്തവണ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
സാക്കീറിലെ ക്യാന്പേഴ്‌സ് സർവ്വീസ് സെന്ററിൽ ചെന്നാണ് ആവശ്യക്കാർ ഇതിനായി രെജിസ്റ്റർ ചെയ്യേണ്ടത്. ക്യാന്പുകളിലെ സുരക്ഷിതത്തിനു വേണ്ടി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അനുബന്ധ സുരക്ഷാവിഭാഗങ്ങളുമായും ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായും അധികൃതർ അറിയിച്ചു. ക്യാന്പ് സജീവമായിക്കഴിയുന്പോൾ സിവിൽ ഡിഫൻസ്, ഗതാഗത മന്ത്രാലയം തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തിൽ തുടർച്ചയായുള്ള പരിശോധനാ ക്യാന്പെയിനുകളും ഇതിന്റെ ഭാഗമായി നടക്കും.
തണുപ്പു വർദ്ധിക്കുന്നതോടെ സ്വദേശികളും വിദേശികളുമായ നിരവധി കുടുംബങ്ങൾ ക്യാന്പിൽ എത്തിച്ചേരാറുണ്ട്. കൂടാതെ സൗദി, മറ്റു ജിസിസി രാജ്യങ്ങളിൽ നിന്ന് വാരാന്ത്യങ്ങളിൽ ഇത്തരം ക്യാന്പുകളിൽ എത്തിച്ചേരും. വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവരുടെ സൗകര്യാർത്ഥം വിവിധ നിലവാരങ്ങളിൽ ഉള്ള ടെന്റുകളാണ് സക്കീറിൽ ഒരുക്കിയിട്ടുള്ളത്. ചെറിയ കുടുംബങ്ങൾക്ക് മുതൽ വലിയ സംഘങ്ങൾക്ക് വരെ ഒരുമിച്ചു താങ്ങാവുന്ന ടെന്റുകൾ ഇവിടെ സജീവമാണ്. ആധുനിക രീതിയിൽ ഒരുക്കിയിരിക്കുന്ന ടെന്റുകളിൽ വാഷ് റൂം, എൽഇഡി ടെലിവിഷനുകൾ, മറ്റു ആധുനിക സൗകര്യങ്ങൾ എല്ലാം തയ്യാറാണ്. ഭക്ഷണം ആവശ്യമുള്ളവർക്ക് ഓർഡർ ചെയ്യുകയോ ടെന്റിൽ തന്നെ പാചകം ചെയ്യുകയോ ആവാം. ബാർബിക്യൂ സൗകര്യമുള്ള ടെന്റുകൾക്കാണ് ആവശ്യക്കാർ കൂടുതൽ.വോളിബോൾ ഗ്രൗണ്ട്, വിറകു കൂട്ടി തീകായാനുള്ള സൗകര്യം തുടങ്ങി സന്ദർശകർക്ക് ക്യാന്പിങ് ആസ്വാദ്യകരമാകാനുള്ള എല്ലാ ചേരുവകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തണുപ്പ് കൂടുന്നതിനനുസരിച്ചു ടെന്റുകളും സജീവമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.